വീണ്ടും ദുരഭിമാനക്കൊല; ഇതരമതസ്ഥനെ വിവാഹം ചെയ്തു; യുവതിയെയും യുവാവിനെയും വീട്ടുകാര്‍ കൊലപ്പെടുത്തി
ഒക്ടോബർ 14ന് മുംബൈയിലെ പ്രാന്ത പ്രദേശത്തുനിന്ന് കിട്ടിയ അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ദുരഭിമാനകൊലയുടെ ചുരുളഴിച്ചത്.
മുംബൈ: ഇതര മതസ്ഥനെ വിവാഹം ചെയ്തതിനെ ചൊല്ലി യുവതിയെയും ഭർത്താവിനെയും യുവതിയുടെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. മുംബൈയിലാണ് മനസാക്ഷിയെ നടുക്കിയ ദുരഭിമാനക്കൊല നടന്നത്. കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും പിടികൂടിയതായി പൊലീസ് അറിയിച്ചു. ഒക്ടോബർ 14ന് മുംബൈയിലെ പ്രാന്ത പ്രദേശത്തുനിന്ന് കിട്ടിയ അജ്ഞാത മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ദുരഭിമാനകൊലയുടെ ചുരുളഴിച്ചത്.
10 സംഘങ്ങളായി തിരിഞ്ഞുള്ള പോലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ഉത്തർപ്രദേശ് സ്വദേശിയായ കരൺ രമേശ് ചന്ദ്രയാണെന്ന് കണ്ടെത്തി. കഴിഞ്ഞവർഷം കുടുംബങ്ങളുടെ എതിർപ്പ് മറികടന്ന് ഗുൽനാസ് എന്ന് പേരുള്ള യുവതിയുമായി 23 കാരനായ കരണിന്റെ വിവാഹം നടന്നിരുന്നു. ഗുൽനാസിന്റെ കുടുംബമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ യുവതിയുടെ മൃതദേഹവും നവി മുംബൈയിൽ നിന്ന് കിട്ടി. ഗുൽനാസിന്‍റെ അച്ഛൻ ഗൊരാഖാനെയും സഹോദരനെയും മറ്റൊരു ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.