'നിര്‍ണായകം, അപകടവും ഗതാഗതക്കുരുക്കും, അല്ലെങ്കില്‍ മൃതദേഹം കിട്ടില്ല'; സുചന കുടുങ്ങിയത് ഇങ്ങനെ

അപകടവും തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കും ഇല്ലായിരുന്നെങ്കില്‍, പൊലീസ് ടാക്‌സി ഡ്രൈവറെ ഫോണില്‍ ബന്ധപ്പെടും മുന്‍പ് തന്നെ സുചന ബംഗളൂരു മേഖലയില്‍ പ്രവേശിക്കുമായിരുന്നുവെന്നാണ് അന്വേഷണസംഘം പറഞ്ഞത്. 

goa murder case road accident helped police to catch suchana seth full details joy

ബംഗളൂരു: നാലു വയസുകാരന്‍ മകനെ കൊലപ്പെടുത്തിയ ശേഷം ബംഗളൂരുവിലേക്ക് കടക്കുന്നതിനിടെ മാതാവ് സുചന സേത്തിനെ പിടികൂടാന്‍ സാധിച്ചതിന് കാരണമായത് ഒരു റോഡ് അപകടവും തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കുമാണെന്ന് പൊലീസ്. 

ഗോവയില്‍ വച്ച് മകനെ കൊലപ്പെടുത്തിയ ശേഷം സുചന ടാക്‌സി കാറില്‍ ബംഗളൂരുവിലേക്ക് രക്ഷപ്പെടുന്നതിനിടെ, റോഡിലെ ഒരു അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍ വാഹനം നാല് മണിക്കൂര്‍പ്പെട്ടു. സുചന സഞ്ചരിച്ച കാര്‍ ഗോവയിലെ ചോര്‍ള ഘട്ടിലാണ് നാല് മണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ഇത് സംഭവിച്ചില്ലായിരുന്നെങ്കില്‍, കൊലപാതക വിവരം ടാക്‌സി ഡ്രൈവര്‍ അറിയും മുന്‍പ് തന്നെ സുചന ബംഗളൂരു മേഖലയില്‍ പ്രവേശിക്കുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

'അപകടം കാരണമുണ്ടായ ഗതാഗതക്കുരുക്ക് സുചനയുടെ യാത്ര വൈകിപ്പിച്ചു. അല്ലെങ്കില്‍ കൃത്യസമയത്ത് സുചന ബംഗളുരുവില്‍ എത്തിയിരുന്നെങ്കില്‍ കുഞ്ഞിന്റെ മൃതദേഹം ലഭിക്കുന്നത് ബുദ്ധിമുട്ടാകുമായിരുന്നു'വെന്നുമാണ് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞത്. പനാജിയുടെ വടക്കുകിഴക്കായും കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്ന് ഏകദേശം 55 കിലോമീറ്റര്‍ അകലെയുമാണ് അപകടമുണ്ടായ സ്ഥലം. 

ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ വെച്ച് സുചന മകനെ കൊലപ്പെടുത്തിയത്. ഹോട്ടല്‍ മുറിയില്‍ വെച്ച് മകനെ കൊന്ന ശേഷം മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യവെയാണ് സുചന പൊലീസിന്റെ പിടിയിലാകുന്നത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യാന്‍ നേരം ബംഗളുരുവിലേക്ക് ടാക്സി വേണമെന്ന് ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തില്‍ പോവുന്നതായിരിക്കും ചെലവ് കുറവും സൗകര്യവുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്സി തന്നെ വേണമെന്ന് സുചന നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ കാര്‍ ഏര്‍പ്പാടാക്കി നല്‍കി. യുവതി ഹോട്ടല്‍ വിട്ട ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസി ടിവി പരിശോധിച്ചപ്പോള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. 

ഇതോടെ പൊലീസുകാര്‍ ടാക്സി ഡ്രൈവറെ ഫോണില്‍ വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. 

വാഹനം എവിടെ എത്തിയെന്ന് ചോദിച്ചപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയും കൊണ്ട് വണ്ടി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കയറാന്‍ ഗോവ പൊലീസ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പൊലീസ് സുചനയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപകടവും തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കും ഇല്ലായിരുന്നെങ്കില്‍, പൊലീസ് ടാക്‌സി ഡ്രൈവറെ ഫോണില്‍ ബന്ധപ്പെടും മുന്‍പ് സുചന ബംഗളൂരു മേഖലയില്‍ പ്രവേശിക്കുമായിരുന്നുവെന്നാണ് അന്വേഷണസംഘം പറഞ്ഞത്. 

'കുഞ്ഞിനെ കൊന്നിട്ടില്ല', ഉറങ്ങിയെഴുന്നേറ്റപ്പോൾ മരിച്ച നിലയിലെന്ന് സുചനയുടെ മൊഴി, ഭർത്താവിനെ ചോദ്യം ചെയ്യും 

 

Latest Videos
Follow Us:
Download App:
  • android
  • ios