സ്കൂളിലെത്തിയ 5 വയസുള്ള നഴ്സറി വിദ്യാർത്ഥിയുടെ കൈയ്യിൽ തോക്ക്, 10 വയസുകാരന് നേരെ വെടിയുതിർത്തു; സംഭവം ബിഹാറിൽ
ലാൽപട്ടി ഏരിയയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം നടക്കുന്നത്. ബാഗിൽ തോക്കുമായെത്തിയ അഞ്ച് വയസുകാരൻ ഇതേ സ്കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന 10 വയസ്സുള്ള ആൺകുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
സുപോൾ: സ്കൂളിൽ തോക്കുമായെത്തി മൂന്നാം ക്ലാസുകാരന് നേരെ വെടിയുതിർത്ത് നഴ്സറി ക്ലാസ് വിദ്യാർത്ഥി. ബിഹാറിലെ സുപോളിലാണ് ഞെട്ടിക്കുന്ന സംഭവമിണ്ടായത്. അഞ്ച് വയസുകാരനായ നഴ്സറി വിദ്യാർത്ഥി ഇതേ സ്കൂളിൽ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ പത്ത് വയസുകാരന് നേരെയാണ് വെടിയുതിർത്തത്. വിദ്യാർത്ഥിയുടെ കൈക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചയോടെ ലാൽപട്ടി ഏരിയയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം നടക്കുന്നത്. ബാഗിൽ തോക്കുമായെത്തിയ അഞ്ച് വയസുകാരൻ ഇതേ സ്കൂളിലെ മൂന്നാം ക്ലാസിൽ പഠിക്കുന്ന 10 വയസ്സുള്ള ആൺകുട്ടിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. എങ്ങനെയാണ് അഞ്ച് വയസുകാരന്‍റെ കൈവശം തോക്ക് എത്തിയതെന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ഷൈഷവ് യാദവ് പറഞ്ഞു.
കുട്ടിയുടെ ബാഗിൽ തോക്കുണ്ടായിരുന്നു. ഇത് സഹപാഠികളോ അധ്യാപകരോ അറിഞ്ഞിരുന്നില്ല. വെടിയുതിർക്കാനായി ബാഗിൽ നിന്നും തോക്ക് എടുത്തപ്പോഴാണ് മറ്റ് കുട്ടികളും വിവരം അറിയുന്നത്. വെടിയുതിർത്ത ശബ്ദം കേട്ട് ഓടിയത്തെുമ്പോഴാണ് പരിക്കേറ്റ് കിടക്കുന്ന കുട്ടിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും അഞ്ച് വയസുകാരനിൽ നിന്നും തോക്ക് മാറ്റുകയും ചെയ്തുവെന്ന് അധ്യാപകർ പറയുന്നു.
പിന്നാലെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. നഴ്സറി വിദ്യാർത്ഥിയുടെ വീട്ടുകാരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്, എങ്ങനെയാണ് കുട്ടിക്ക് തോക്ക് ലഭിച്ചതെന്നും എന്തിനാണ് 10 വയസുകാരനെ വെടിവെച്ചത് എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ഷൈഷവ് യാദവ് പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നാലെ രക്ഷിതാക്കളെത്തി സ്കൂളിൽ പ്രതിഷേധിച്ചു. തോക്ക് കൈവശം വെച്ച കുട്ടിക്കെതിരെ നടപടിയെടുക്കണമെന്നും രക്ഷിതാക്കൾക്കെതിരെ കേസെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Read More : കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; മലയാളിയടക്കം അഞ്ചുപേരുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി