ഡേറ്റിംഗ് ആപ്പിലെ 'കൊളംബിയന്‍ സുന്ദരി', കാണാനായി ചെന്ന് രണ്ട് മാസത്തിനിടെ കൊല്ലപ്പെട്ടത് 8 പേർ, മുന്നറിയിപ്പ്
ടിന്ററും ബംബ്ലിളും പോലെയുള്ള ആപ്പുകൾ ഗ്യാംഗുകൾക്ക് ഇടത്താവളമാകുന്നു. യുവാക്കന്മാരെ പ്രലോഭിപ്പിച്ച് വീഴ്ത്തുന്നത് ഗ്യാംഗിലെ സുന്ദരിമാർ
മെഡെലിൻ: ഡേറ്റിംഗ് ആപ്പിലെ പങ്കാളിയെ കാണാനുള്ള ക്ഷണം സ്വീകരിച്ച് പോയ യുവാക്കൾ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച നിലയിൽ പിന്നാലെ മുന്നറിയിപ്പുമായി യുഎസ് എംബസി. കൊളംബിയ സന്ദർശനത്തിനിടെ ദുരൂഹ സാഹചര്യങ്ങളിൽ രണ്ട് മാസത്തിനുള്ളിൽ എട്ട് യുഎസ് പൌരന്മാരെയാണ് കൊളംബിയയിലെ മെഡെലിന്‍ നഗരത്തിൽ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മിക്കവരും മയക്കുമരുന്ന് നൽകിയ ശേഷമുള്ള കൊല ചെയ്യപ്പെട്ടതെന്ന് സംശയിക്കുന്നതിന് പിന്നാലെയാണ് കൊളംബിയ സന്ദർശിക്കുന്ന വിദേശ പൌരന്മാർക്ക് ബൊഗോട്ടയിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകിയത്.
ഇത്തരത്തിൽ മരിച്ച യുവാക്കളിലെ പൊതുവായ ഘടകം ചില ഡേറ്റിംഗ് ആപ്പുകൾ പതിവായി ഉപയോഗിച്ചിരുന്നുവെന്നതാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകാന്‍ എംബസിയെ പ്രേരിപ്പിച്ചിട്ടുള്ളത്. ബുധനാഴ്ചയാണ് സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് പുറത്തിറക്കിയത്. കൊളംബിയന്‍ പങ്കാളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എന്ന പേരിൽ വിളിച്ചു വരുത്തി, മയക്കുമരുന്ന് നൽകി കൊള്ളയടിച്ച് കൊല ചെയ്യുന്നതായാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്. കൊളംബിയയിലെ ബാറുകളിലേക്കും ഹോട്ടലുകളിലേക്കും ഭക്ഷണ ശാലകളിലേക്കുമാണ് ഇത്തരത്തിൽ വിദേശ പൌരന്മാരെ വിളിച്ച് വരുത്തുന്നത്. ടിന്റർ അടക്കമുള്ള ഡേറ്റിംഗ് ആപ്പുകളാണ് ഇതിനായി ദുരുപയോഗം ചെയ്യപ്പെടുന്നത്. ഇതിലും അധികം ആളുകൾക്ക് ചൂഷണം നേരിട്ടതായും എന്നാൽ നാണക്കേട് ഭയന്ന് പൊലീസിൽ സഹായം തേടാതിരിക്കുന്നതായാണ് എംബസി വിശദമാക്കുന്നത്. 2023ന്റെ അവസാന മാസങ്ങളിൽ വിദേശ പൌരന്മാർക്കെതിരായ അതിക്രമങ്ങളിൽ 200 ശതമാനത്തിന്റെ വളർച്ചയാണ് കൊളംബിയയിലുണ്ടായിട്ടുള്ളതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്. കൊലപാതകം അടക്കമുള്ളവയിൽ 29 ശതമാനത്തിന്റെ വർധനവാണ് കൊളംബിയയി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പങ്കാളിയെന്ന പേരിൽ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോവുന്നതിന് മുന്‍പ് തന്നെ തന്ത്രപരമായി മയക്കുമരുന്ന് നൽകുകയും പിന്നീട് കൊള്ളയടിക്കുകയുമാണ് ചെയ്യുന്നത്. മിക്കവരുടേയും ബാങ്ക് അക്കൌണ്ടിലെ പണവും നഷ്ടമായിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചെന്ന ഓർമ്മ പോലും ഉണ്ടാകാത്ത രീതിയിലെ ചില മയക്കുമരുന്നുകളാണ് ഇത്തരത്തിലെ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ഈ മരുന്നുകളുടെ ഡോസ് അമിതമാവുന്നതോടെയാണ് ചിലർ കൊല്ലപ്പെട്ടിട്ടുള്ളത്. 2022ൽ ടിന്ററിൽ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനായി പോയി കാണാതായി പിന്നീട് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ 27കാരന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വീട്ടുകാർക്ക് ക്രൌഡ് ഫണ്ടിംഗ് നടത്തേണ്ടി വന്നിരുന്നു. ടിന്ററും ബംബ്ലിളും പോലെയുള്ള ആപ്പുകൾ കൊളംബിയൻ ഗ്യാംഗുകൾക്ക് കുറ്റകൃത്യത്തിനുള്ള താവളമാകുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇത്തരത്തിൽ ഗ്യാംഗുകളുടെ ഭാഗമായ യുവതികൾ തന്നെയാണ് യുവാക്കളെ പ്രലോഭിപ്പിച്ച് പലയിടങ്ങളിലേക്കും എത്തിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം