സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിക്കായി പൊതുവഴിയിൽ പിറന്നാൾ ആഘോഷം; കേക്ക് മുറിച്ച് സിപിഎം പ്രവര്‍ത്തകർ
കാപ്പാ എന്ന് പ്രത്യേകം എഴുതിയ കേക്കാണ് സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ചേർന്ന് സംഘടിപ്പിച്ച ആഘോഷത്തിൽ മുറിച്ചത്.
പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതിക്കായി രാത്രി പൊതുവഴിയിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം. കാപ്പാ എന്ന് പ്രത്യേകം എഴുതിയ കേക്കാണ് സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകർ ചേർന്ന് സംഘടിപ്പിച്ച ആഘോഷത്തിൽ മുറിച്ചത്.
അടുത്തിടെ സിപിഎമ്മിലെത്തിയ 62 പേരിൽ പ്രധാനിയായിരുന്നു ശരൺ ചന്ദ്രൻ. ശനിയാഴ്ച രാത്രി പൊതുനിരത്തിൽ സംഘടിപ്പിച്ച ശരണിന്‍റെ പിറന്നാൾ ആഘോഷത്തിൽ അമ്പതിലധികം യുവാക്കൾ ഒത്തുകൂടി. കാറിന്‍റെ ബോണറ്റിൽ നിരത്തിവെച്ച കേക്കുകളിൽ കാപ്പാ എന്ന് എഴുതിയ കേക്കായിരുന്നു ഹൈലൈറ്റ്. വെറൈറ്റി ആഘോഷം റീലുകളാക്കി ഇവർ തന്നെ പ്രചരിപ്പിക്കുകയും ചെയ്തു. പരസ്യമായ ആഘോഷത്തിലൂടെ കാപ്പാ ചുമത്തിയ പൊലീസിനെ മാത്രമല്ല, ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലെടുത്തതിൽ കടുത്ത വിമർശനം ഉന്നയിച്ച ഒരു വിഭാഗം സിപിഎം നേതാക്കളെ കൂടി സംഘം വെല്ലുവിളിക്കുന്നത്.
മാത്രമല്ല, വയനാടിന്‍റെ ദുഃഖത്തിൽ നാട് കേഴുമ്പോഴാണ് സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ചേർന്ന് ഇങ്ങനെയൊരു ആഘോഷം ഒരുക്കിയത്. മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് ക്രിമിനൽ പശ്ചാത്തലമുള്ളവരെ മാലയിട്ടു പാർട്ടിയിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു.