ബൈക്ക് വട്ടംവച്ച് തടഞ്ഞു, ദമ്പതികളെ വലിച്ചിറക്കി ഇടിവള കൊണ്ട് മർദിച്ച് കാറും പണവുമായി കടന്നു, ഷെഫീഖ് പിടിയിൽ
കളമശ്ശേരിയിലെ രഹസ്യ സങ്കേതത്തില്‍ വെച്ചാണ് ഷഫീഖ് പിടിയിലായത്
കൊച്ചി: ആലുവയിൽ ദമ്പതികളെ ആക്രമിച്ച് വാഹനവും പണവും മൊബൈല്‍ ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. കൊടികുത്തിമല സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആലുവ റൂറല്‍ എസ് ഓഫീസിന് സമീപത്തുവെച്ച് പുത്തനങ്ങാടി സ്വദേശി ജോക്കിയെയും ഭാര്യ ഷിനിയെയും ഷഫീഖ് ആക്രമിച്ചത്. ഇവർ സഞ്ചരിച്ച കാറിനു കുറുകെ ബൈക്ക് കൊണ്ടുവന്ന് നിര്‍ത്തിയ ശേഷം പണം ആവശ്യപ്പെട്ടു. 20000 രൂപയാണ് ആവശ്യപ്പെട്ടതെന്ന് ദമ്പതികള്‍ പറഞ്ഞു. പരിചയം പോലുമില്ലാത്ത ഒരാള്‍ക്ക് എന്തിന് പണം നല്‍കണമെന്ന് ചോദിച്ചപ്പോള്‍ അക്രമി കാറില്‍ നിന്ന് വലിച്ചിറക്കുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു.
ശേഷം നടു റോഡിലിട്ട് ഇടിവള ഉപയോഗിച്ച് മര്‍ദിച്ചു. അപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി. അതിനിടെ കാറും മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന 60,000 രൂപയും കവര്‍ന്ന് പ്രതി കടന്നുകളഞ്ഞു. തടയാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അപ്പോഴേക്കും കാറോടിച്ച് പോയിരുന്നു. പൊലീസാണ് ദമ്പതികളെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോള്‍ത്തന്നെ ഒരു സംഘത്തെ അന്വേഷിക്കാന്‍ നിയോഗിച്ചു.
കാര്‍ പിന്നീട് ടയര്‍ പഞ്ചറായ നിലയില്‍ പൈപ്പ് ലൈന്‍ റോഡില്‍ കണ്ടെത്തി. കളമശ്ശേരിയിലെ രഹസ്യ സങ്കേതത്തില്‍ വെച്ചാണ് ഷഫീഖ് പിടിയിലായത്. ജോക്കി ഓടിച്ച കാര്‍ തന്‍റെ ബൈക്കില്‍ തട്ടിയെന്നും നഷ്ടപരിഹാരമായാണ് പണം ആവശ്യപ്പെട്ടതെന്നും ഷെഫീഖ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ജോക്കി പറയുന്നത്. നേരത്തെയും ഷെഫീഖ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എക്സൈസ് വാഹനത്തില്‍ കാറിടിപ്പിച്ച കേസില്‍ പ്രതിയാണ്. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടും നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് അറിയിച്ചു.