നങ്കൂരമിട്ട കപ്പലിലും തകർന്ന കപ്പലിലും കോടികളുടെ മയക്കുമരുന്ന്, 2023ൽ മാത്രം പിടിയിലായത് 265 ടൺ കൊക്കെയ്ന്‍
തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ നിന്ന് മയക്കുമരുന്നിനൊപ്പം നങ്കൂരം സൂക്ഷിക്കുന്ന ഭാഗത്ത് ഒളിച്ചിരിക്കുന്ന നിലയിൽ രണ്ട് പേരെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സാന്റാ മാർത്ത: കരീബിയന്‍ കടലിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാവിക സേന പിടിച്ചെടുത്തത് 1000 പൌണ്ട് അനധികൃത മയക്കുമരുന്ന്. പ്യൂർട്ടോ ബൊളിവർ തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ നിന്നും സാന്റാ മാർത്താ തുറമുഖത്തേക്ക് എത്തിയ തകർന്ന ബോട്ടിലെ രഹസ്യ അറകളിൽ നിന്നുമാണ് വലിയ രീതിയിൽ കൊക്കെയ്ന്‍ കണ്ടെത്തിയത്. തുറമുഖത്ത് നങ്കൂരമിട്ട കപ്പലിൽ നിന്ന് മയക്കുമരുന്നിനൊപ്പം നങ്കൂരം സൂക്ഷിക്കുന്ന ഭാഗത്ത് ഒളിച്ചിരിക്കുന്ന നിലയിൽ രണ്ട് പേരെയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അഞ്ച് ബാഗുകളിലായാണ് ഈ കപ്പലിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതെന്നാണ് കൊളംബിയന്‍ പൊലീസ് വിശദമാക്കുന്നത്. ഈ ബാഗുകളിൽ നിന്ന് 285 പൌണ്ട് മയക്കുമരുന്നാണ് കണ്ടെത്തിയത്. സാന്റാ മാർത്താ തുറമുഖത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയാണ് ചെറുകപ്പൽ തകർന്ന നിലയിൽ കണ്ടെത്തിയത്. 13 ബാഗുകളിലായി ഒഴുകി നടക്കുന്ന നിലയിലായിരുന്നു ഈ കപ്പലിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. 700 പൌണ്ടിലധികം കൊക്കെയ്നാണ് ഈ ബാഗുകളിൽ നിന്ന് കണ്ടെത്തിയത്. രണ്ട് സംഭവങ്ങളിലുമായി ആരേയും പിടികൂടിയിട്ടില്ലെന്ന് കൊളംബിയന്‍ പൊലീസ് വിശദമാക്കി.
15 മില്യണ്‍ ഡോളറാണ് കണ്ടെത്തിയ മയക്കുമരുന്നിന്റെ വിപണിമൂല്യം. 2023ൽ മാത്രമായി കൊളംബിയന്‍ നാവിക സേന പിടികൂടിയത് 265 ടണ്‍ കൊക്കെയ്നാണ്. ലോകത്തിലെ 60 ശതമാനം കൊക്കെയ്ന്‍ ഉൽപാദിപ്പിക്കുന്നത് കൊളംബിയ ആണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്. പെറും, ബൊളീവിയ എന്നീ രാജ്യങ്ങളാണ് കൊക്കെയ്ന്‍ നിർമ്മാണത്തിൽ കൊളംബിയയ്ക്ക് പിന്നാലെയുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം