അമിത വേഗതയിലെത്തിയ ഔഡി കാർ ഇടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
രാംജാസ് കോളേജിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കു നേരെ പാഞ്ഞുകയറുകയായിരുന്നു.
ദില്ലി: പൂനെയിൽ 17കാരൻ ഓടിച്ച ആഡംബര കാർഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വിവാദങ്ങൾ ഒടുങ്ങിയിട്ടില്ല, അതിനിടെ ദില്ലിയിൽ അമിതവേഗതയിൽ വന്ന ആഡംബര കാർ നിയന്ത്രണം വിട്ട് ഇടിച്ച് ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഗോവിന്ദ്, അശോക് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ഹിന്ദു റാവു ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഗോവിന്ദ് എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ദില്ലി മുഖർജി നഗർ സ്വദേശിയായ 56 വീരേന്ദ്ര കാരൻ ഓടിച്ചിരുന്ന ഔഡി ക്യു 3 വാഹനമാണ് അപകടമുണ്ടാക്കിയത്. അഭിഭാഷകനായ വീരേന്ദ്രയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വൈദ്യപരിശോധനയ്ക്ക് അയച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്ന വിവരം ദില്ലി പൊലീസിന് ലഭിക്കുന്നത്. രാംജാസ് കോളേജിന് സമീപത്ത് വെച്ച് നിയന്ത്രണം വിട്ട കാർ റോഡ് സൈഡിലെ ബെഞ്ചിൽ ഇരിക്കുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കു നേരെ പാഞ്ഞുകയറുകയായിരുന്നു. രണ്ട് പേരെയും ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗോവിന്ദിന്‍റെ ജീവൻ രക്ഷിക്കാനായില്ലെന്ന് ദില്ലി നോർത്ത് ഡെപ്യൂട്ടി കമ്മീഷ്ണർ എം.കെ മീണ പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അശോകിന്‍റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
Read More : യുപിയിൽ പൊലീസുകാരന്‍റെ 6 വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി, കൊലപ്പെടുത്തി കരിമ്പിൻ തോട്ടത്തിലിട്ടു