മിഠായി നൽകി, അടുത്തു വന്നു, ഭാഗ്യത്തിന് കോളേജ് വിദ്യാർത്ഥിനി കണ്ടു; കോട്ടയത്തും കുട്ടിയെ കടത്താൻ ശ്രമം !
വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാൾ മിഠായി നൽകി വിളിച്ചുകൊണ്ടു പോകുകയായിരുന്നു.
ഈരാറ്റുപേട്ട: കോട്ടയം ഈരാറ്റുപേട്ടയിൽ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. ഈരാറ്റുപേട്ട തെക്കേക്കരയിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന നാലര വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്നാണ് പരാതി.
വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാൾ മിഠായി നൽകി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. ഇതേ സമയം ഇതുവഴി വന്ന കോളേജ് വിദ്യാർത്ഥിനിയായ അയൽവാസിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടർന്ന് വിദ്യാർത്ഥിനി ഒച്ച വെച്ചതിനെ തുടർന്ന് കുട്ടിയെ ഉപേക്ഷിച്ച് ഇതര സംസ്ഥാനകാരൻ ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തിൽ കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈരാറ്റുപേട്ട പൊലീസ് അന്വഷണം തുടങ്ങിയെങ്കിലും പ്രതിയെ കുറിച്ച് സൂചന കിട്ടിയിട്ടില്ല.
അടുത്തിടെ പാലക്കാട് ജില്ലയിലെ വാളയാറിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാഴ ശ്രമം നടന്നിരുന്നു. മൂന്ന് വയസായ യു.പി സ്വദേശിയായ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ തമിഴ്നാട് സ്വദേശി സെന്തിൽകുമാറിനെ പൊലീസ് പിടികൂടിയിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.സെന്തിൽകുമാറിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഓട്ടോക്കാരാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.
Read More : കൊല്ലം സ്വദേശികളായ ദമ്പതികൾ, ഇന്‍റർനെറ്റിൽ പരസ്യം നൽകി, കെണിയിലായത് 56 പേർ; 2 കോടിയോളം തട്ടി, ഒടുവിൽ പിടിയിൽ