'ഭാര്യ സഹോദരിയെ പീഡിപ്പിച്ചെന്ന് പരാതി, മൊഴികളിൽ അവ്യക്തത'; പോക്സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു
ആലപ്പുഴ ജനറൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന പ്രായപൂർത്തിയാകാത്ത തന്നെ പ്രതി വിളിച്ചിറക്കി കൊണ്ടുപോയി കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി.
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ ആശുപത്രിയിൽ നിന്നും കൂട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിച്ചു പീഡിപ്പിച്ചു എന്നാരോപിച്ചു ആലപ്പുഴ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തു കേസിലെ പ്രതിയെ ആണ് ആലപ്പുഴ പോക്സോ കോടതി വെറുതെ വിട്ടത്.
പുന്നപ്ര വടക്ക് പഞ്ചായത്ത് 10-ാം വാർഡിൽ നീർക്കുന്നം കരയിൽ പുതുവൽ വീട്ടിൽ പൊടിമോനെ (27)യാണ് കുറ്റക്കാരനല്ലെന്ന് കണ്ട് ആലപ്പുഴ പോക്സോ കോടതി ജഡ്ജി ആഷ് കെ ബാൽ വെറുതെ വിട്ടത്. തന്‍റെ സഹോദരി ഭർത്താവായ പ്രതിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും, ആലപ്പുഴ ജനറൽ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന പ്രായപൂർത്തിയാകാത്ത തന്നെ പ്രതി വിളിച്ചിറക്കി കൊണ്ടുപോയി കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചുവെന്നുമായിരുന്നു പരാതി. പൊടിമോൻ തന്‍റെ സ്വർണമാല പ്രതി അപഹരിച്ചുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
ആലപ്പുഴ ഡിവൈഎസ്‌പിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്നും 13 സാക്ഷികളെയും 18 പ്രമാണങ്ങളും തെളിവിലേയ്ക്ക് ഹാജരാക്കി. വിചാരണയിൽ അതിജീവിതയുടെ മൊഴിയിലെ പൊരുത്തക്കേടുകളും, പ്രതിയ്ക്കെതിരെയുള്ള ആരോപണവും കുട്ടിയുടെ പ്രായവും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയ്ക്ക് വേണ്ടി ജില്ലാ ചീഫ് ലീഗൽ എയ്ഡ് ഡിഫെൻസ് കൗൺസിൽ അഡ്വ. പി പി ബൈജു കോടതിയിൽ ഹാജരായി.