കോട്ടയത്ത് ബാലികമാരെ പീഡിപ്പിച്ച കേസ്; വയോധികന് 18 വർഷം തടവും 90000 രൂപ പിഴയും
കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസ് എന്ന 64 കാരനെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2022 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
കോട്ടയം: കോട്ടയം കറുകച്ചാലിൽ ബാലികമാരെ പീഡിപ്പിച്ച കേസിൽ വയോധികന് 18 വർഷം തടവ്. കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസ് എന്ന 64 കാരനെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2022 ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തടവ് ശിക്ഷയ്ക്കൊപ്പം പ്രതി 90000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ പി എസ് മനോജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
അതേസമയം, മറ്റൊരു പോക്സോ കേസിലെ പ്രതിക്ക് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 7 വർഷം കഠിന തടവും 35000 രൂപ പിഴയും ശിക്ഷ വിധിച്ചു. പേരാമ്പ്ര കല്ലോട് സ്വദേശി കുരിയാടിക്കുനിയിൽ കുഞ്ഞമ്മദിനെയാണ് ശിക്ഷിച്ചത്. രണ്ട് വ്യത്യസ്ത കേസുകളിലായിരുന്നു ശിക്ഷ. 2022 സെപ്റ്റംബറിൽ പെൺകുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ 6 വർഷം കഠിന തടവും 30000 രൂപ പിഴയുമാണ് ശിക്ഷ. പെൺകുട്ടികളോട് ലൈംഗിക ചേഷ്ടകളോടെ പെരുമാറിയെന്ന കേസിൽ ഒരു വർഷം കഠിന തടവിനും 5000 രൂപ പിഴയും വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനോജ് അരൂർ ഹാജരായി.