കുറവിലങ്ങാട് പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; 4 പേർ പിടിയിൽ
യുവാവിനെ വണ്ടിയില്‍വച്ച് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും,കമ്പി വടികൊണ്ട് മർദ്ദിക്കുകയും,വഴിമധ്യേ വാഹനം നിർത്തിയതിനുശേഷം കനാലിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു
കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് പണത്തിനുവേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടുചിറ സ്വദേശി അനന്തു പ്രദീപ്, തിരുവാർപ്പ് സ്വദേശി സുബിൻ സുരേഷ്, നാട്ടകം സ്വദേശി അജിത്ത് പി.രാജേന്ദ്രൻ , തിരുവല്ല സ്വദേശി സാബു പോത്തൻ എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് ഈമാസം 18ന് രാത്രി 11 മണിയോടെ കുറവിലങ്ങാട് പള്ളിയമ്പ് ഭാഗത്തുനിന്നും കുറവിലങ്ങാട് സ്വദേശിയായ യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് യുവാവിനെ വണ്ടിയില്‍വച്ച് ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും,കമ്പി വടികൊണ്ട് മർദ്ദിക്കുകയും,വഴിമധ്യേ വാഹനം നിർത്തിയതിനുശേഷം കനാലിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
തുടർന്ന് തിരുവല്ലയിൽ ഉള്ള സാബു പോത്തന്റെ വീട്ടിൽ തട്ടിക്കൊണ്ടുപോയ യുവാവിനെ പാർപ്പിച്ച് അവിടെ വച്ചും മർദ്ദിക്കുകയും, തുടർന്ന് വീട്ടുകാരോട് പണം ആവശ്യപ്പെടുകയായിരുന്നു. ഇവിടെനിന്ന് രക്ഷപ്പെട്ട യുവാവ് ആശുപത്രിയിൽ ചികിത്സ നേടുകയായിരുന്നു എന്ന് പൊലീസ് പറയുന്നത്.
സമാനമായ മറ്റൊരു സംഭവത്തില്‍ കടയ്ക്കാവൂരിൽ പൊലീസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി. കൊച്ചമ്പു എന്ന് വിളിക്കുന്ന അബിൻ കുമാർ ആണ് അറസ്റ്റിലായത്. പൊലീസിന് നേരെ ബിയർ കുപ്പി പൊട്ടിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം