അയൽവാസിയുടെ വീട്ടിലേക്ക് രാത്രിയിലെത്തിയ മുൻ പൊലീസ് ഉദ്യോഗസ്ഥൻ മൂന്ന് പേരെ വെടിവച്ചുകൊന്നു
26, 21 വയസുള്ള സഹോദരങ്ങളേയും 35കാരനായ യുവാവിനേയുമാണ് ഇയാൾ വെടിവച്ച് വീഴ്ത്തിയത്
സൌത്ത് ഡക്കോട്ട: മൂന്ന് പേരെ വെടിവച്ച് കൊന്ന് മുൻ മേയർ അറസ്റ്റിൽ. അമേരിക്കയിലെ സൌത്ത് ഡക്കോട്ടയിലാണ് സംഭവം. മുൻ പൊലീസുകാരനും ഡക്കോട്ടയിലെ മേയറുമായിരുന്ന 64കാരനാണ് അറസ്റ്റിലായിരിക്കുന്നത്. ജേ ഓസ്ട്രീം എന്ന 64 കാരനെതിരെ 3 കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് പൊലീസ് ചൊവ്വാഴ്ച പുറത്ത് വിട്ട പ്രസ്താവനയിൽ വിശദമാക്കുന്നത്.
26, 21 വയസുള്ള സഹോദരങ്ങളേയും 35കാരനായ യുവാവിനേയുമാണ് ഇയാൾ വെടിവച്ച് വീഴ്ത്തിയത്. രണ്ട് ദശാബ്ദത്തിലധികം ഡക്കോട്ടയിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ജേ ഓസ്ട്രീം. ഡക്കോട്ടയിലെ സെന്റർവില്ലേയുടെ മേയറായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 9.44ഓടെയാണ് വെടിവയ്പ് നടന്നത്. സഹോദരന് വെടിയേറ്റതായും തെരുവിന് എതിർവശത്തുള്ളയാൾ തോക്കുമായി വീട്ടിലേക്ക് കയറിയതായും വിശദമാക്കി യുവാക്കളിലൊരാൾ പൊലീസ് സഹായം തേടിയിരുന്നു. ഇതിനിടയിൽ ഈ യുവാവിനും വെടിയേൽക്കുകയും ഫോൺ വിളി നിൽക്കുകയുമായിരുന്നു.
സംഭവ സ്ഥലത്ത് എത്തിയ പൊലീസ് എ ആർ വിഭാഗത്തിലുള്ള തോക്കുമായാണ് 64കാരനെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷമാണ് പൊലീസ് സഹായം തേടിയ യുവാക്കളുടെ വീട്ടിലേക്ക് പൊലീസ് എത്തിയത്. അതേസമയം അയൽവാസി തന്നെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചതായും ഈ വിവരം ഭർത്താവിനോട് പറഞ്ഞതോടെ ഭർത്താവ് അയൽവാസിയുടെ വീട്ടിലേക്ക് പോയി ബഹളമുണ്ടാക്കിയെന്നും ജേ ഓസ്ട്രീമിന്റെ ഭാര്യ പൊലീസിനോട് വിശദമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം