ആപ്പിൽ നിന്ന് ഐഡി കാർഡ്, ദ്വാരകയിൽ നിന്ന് യൂണിഫോം, പൈലറ്റ് ചമഞ്ഞെത്തിയ 24കാരൻ പിടിയിൽ
കുടുംബത്തോട് ഈ വിവരം ഇയാൾ വ്യക്തമാക്കിയിരുന്നില്ലയ വീട്ടുകാരോടും ബന്ധുക്കളോടും സിംഗപ്പൂർ എയർലൈനിലെ പൈലറ്റ് ആണെന്നായിരുന്നു യുവാവ് അവകാശപ്പെട്ടിരുന്നത്.
ദില്ലി : സിംഗപ്പൂർ എയർലൈൻ വിമാനത്തിന്റെ പൈലറ്റ് ചമഞ്ഞെത്തിയ 24കാരൻ അറസ്റ്റിൽ. ദില്ലി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പൈലറ്റ് ചമഞ്ഞെത്തിയ യുവാവിനെ പാരാമിലിറ്ററി സേന അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഉത്തർ പ്രദേശ് സ്വദേശിയായ 24കാരൻ സംഗീത് സിംഗാണ് അറസ്റ്റിലായിട്ടുള്ളത്. പൈലറ്റിന്റെ വേഷമണിഞ്ഞ് മെട്രോ സ്കൈവാക്ക് മേഖലയിലെത്തിയ ചെറുപ്പക്കാരനെ സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
വിമാനക്കമ്പനി ജീവനക്കാരനാണെന്ന് അവകാശപ്പെടുന്ന വ്യാജ തിരിച്ചറിയൽ രേഖകളും ഇയാളുടെ കയ്യിൽ നിന്ന് പിടികൂടിയിട്ടുണ്ട്. രേഖകൾ പരിശോധിച്ചതോടെയാണ് സംഗീത് സിംഗിന്റെ അവകാശ വാദങ്ങൾ തെറ്റാണെന്ന് അധികൃതർക്ക് വ്യക്തമായത്. ഒരു ഓണലൈൻ ആപ്പിന്റെ സഹായത്തോടെയാണ് ഇയാൾ വിമാനക്കമ്പനിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് അടക്കമുള്ളവ തയ്യാറാക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഉത്തർപ്രദേശിലെ ദ്വാരകയിൽ നിന്നാണ് ഇയാൾ യൂണിഫോം വാങ്ങിയത്.
മുംബൈയിൽ നിന്ന് ഏവിയേഷൻ കോഴ്സ് പഠനം ഇയാൾ 2020ൽ ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയിരുന്നില്ല. കുടുംബത്തോട് ഈ വിവരം ഇയാൾ വ്യക്തമാക്കിയിരുന്നില്ലയ വീട്ടുകാരോടും ബന്ധുക്കളോടും സിംഗപ്പൂർ എയർലൈനിലെ പൈലറ്റ് ആണെന്നായിരുന്നു യുവാവ് അവകാശപ്പെട്ടിരുന്നത്. ആൾമാറാട്ടത്തിനടക്കമാണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം