'പഠിക്കാനായി യുഎസിലേക്ക് കൊണ്ടുവന്നു'; മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും കൊലപ്പെടുത്തി 23 കാരന്‍
തിങ്കളാഴ്ച രാവിലെ കുടുംബം താമസിച്ചിരുന്ന കൊപ്പോള ഡ്രൈവിൽ എത്തിയ സൗത്ത് പ്ലെയിൻഫീൽഡ് പൊലീസാണ് എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചത്. വീട്ടിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യാഷ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
വഡോദര/സൂറത്ത്: യുഎസിലെ ന്യൂജേഴ്‌സിയിൽ 23കാരനായ ഇന്ത്യൻ യുവാവ് മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവെച്ച് കൊലപ്പെടുത്തി. ന്യൂജേഴ്സിയിലെ സൗത്ത് പ്ലെയിൻഫീൽഡിലാണ് ഞെട്ടിച്ച കൊലപാതകം നടന്നത്. ദിലീപ് കുമാർ ബ്രഹ്മഭട്ട് (72), ഭാര്യ ബിന്ദു, ഇവരുടെ 38 കാരനായ മകൻ യാഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 23കാരനായ ഓം ബ്രഹ്മഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ആനന്ദ് ജില്ലയാണ് ഇവരുടെ സ്വദേശം. കൊലപാതകത്തിന്റെ കാരണം അറിഞ്ഞിട്ടില്ല.
തിങ്കളാഴ്ച രാവിലെ കുടുംബം താമസിച്ചിരുന്ന കൊപ്പോള ഡ്രൈവിൽ എത്തിയ സൗത്ത് പ്ലെയിൻഫീൽഡ് പൊലീസാണ് എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചത്. വീട്ടിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യാഷ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. നേരത്തെ നവസാരി ജില്ലയിലെ ബിലിമോറ ടൗണിൽ പൊലീസ് സബ് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ച ദിലീപ്കുമാർ ബ്രഹ്മഭട്ട് സർവീസിൽ നിന്ന് വിരമിച്ച ശേഷം ആനന്ദിൽ സ്ഥിരതാമസമാക്കിയിരുന്നു. അടുത്തിടെയാണ് മകൻ യാഷിനൊപ്പം താമസിക്കാൻ യുഎസിലേക്ക് മാറിയത്.
18 മാസം മുമ്പാണ് പ്രതിയായ ഓം യുഎസിലേക്ക് താമസം മാറിയതെന്ന് ആനന്ദിലെ ബ്രഹ്മഭട്ട് കുടുംബവുമായി അടുപ്പമുള്ളവർ പറഞ്ഞു. മുത്തച്ഛന്റെ നിർബന്ധത്തെ തുടർന്നാണ് ഓം ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്. ഫസ്റ്റ് ഡിഗ്രി കൊലപാതകം, നിയമവിരുദ്ധമായ ആവശ്യത്തിനായി ആയുധം കൈവശം വെക്കൽ തുടങ്ങി മൂന്ന് കുറ്റങ്ങളാണ് ഓമിനെതിരെ ചുമത്തിയിരിക്കുന്നത്. 2016ൽ സ്വയം വെടിവെച്ച് മരിച്ച റിട്ടയേർഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) കിരിത് ബ്രഹ്മഭട്ടിന്റെ ബന്ധുക്കളായിരുന്നു കൊല്ലപ്പെട്ട ദമ്പതികൾ.