സ്വന്തം മകളല്ലേ, എന്നിട്ടും ക്രൂരത; ദളിത് യുവാവിനെ വിവാഹം ചെയ്ത 19കാരിയെ അച്ഛനും ബന്ധുക്കളും ചുട്ടുകൊന്നു

സഹപാഠികളായിരുന്ന ഐശ്വരിയും തഞ്ചാവൂർ സ്വദേശിയായ ബി. നവീനും ഏറെ നാളായി പ്രണയത്തിലായിരുന്നു. പുതുവര്‍ഷത്തലേന്നാണ് ഇരുവരും  ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്.

19-year-old killed in suspected honour killing in Tamil nadu five including her father arrested vkv

ചെന്നൈ: രാജ്യത്തിന് തന്നെ നാണക്കേടായി തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. തഞ്ചാവൂരിൽ ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരി ഐശ്വരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പെരുമാൾ അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  അധമ ജാതിബോധത്തിന് ഇരയായാണ് ഒരു പെൺകുട്ടി കൂടി സ്വന്തം പിതാവിന്‍റെയും ഉറ്റ ബന്ധുക്കളുടെയും ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്.

സഹപാഠികളായിരുന്ന ഐശ്വരിയും തഞ്ചാവൂർ സ്വദേശിയായ ബി. നവീനും ഏറെ നാളായി പ്രണയത്തിലായിരുന്നു. പുതുവര്‍ഷത്തലേന്നാണ് ഇരുവരും  ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഐശ്വരിയുടെ വീട്ടുകാർ എന്നാൽ ഈ വിവാഹത്തിന് സമ്മതിച്ചില്ല. തിരുപ്പൂരിലെ വസ്ത്രനിര്‍മാണ കമ്പനിയിൽ ജീവനക്കാരനായ നവീൻ ഒടുവിൽ  സുഹൃത്തുക്കളുടെ സാനിധ്യത്തിൽ ഐശ്വരിയെ വിവാഹം ചെയ്തശേഷം വീരപാണ്ടിയിലെ വാടക വീട്ടിലേക്ക് മാറി. 

ഇതിനിടെ മകളെ കാണാനില്ലെന്ന പരാതിയുമായി ജനുവരി രണ്ടിന് ഐശ്വരിയുടെ അച്ഛൻ പെരുമാൾ പല്ലടം പൊലീസ് സ്റ്റേഷനിലെത്തി. ഐശ്വര്യയെ വിളിച്ചുവരുത്തിയ പൊലീസ് അച്ഛനൊപ്പം നിര്‍ബന്ധിച്ച് പറഞ്ഞുവിടുകയും നവീനെ വിരട്ടുകയും ചെയ്തെന്നാണ് ആക്ഷേപം. അഞ്ച് ദിവസത്തിനുശേഷം ഐശ്വരിക്കെന്തോ അപകടം സംഭവിച്ചുവെന്ന് സംശയിക്കുന്നതായി സുഹൃത്ത് അറിയിച്ചതോടെ നവീൻ വീണ്ടും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേര്‍ന്ന് ഐശ്വരിയെ ചുട്ടുകൊന്നതായി പൊലീസ് കണ്ടെത്തിയത്. ഇതോടെ അച്ഛനുള്‍പ്പടെ അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ജാതിക്കൊലയ്ക്ക് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Read More :  മെഡിക്കൽ സ്റ്റോറുകൾ ജാഗ്രത, പിടിവീഴും; ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്‍റിബയോട്ടിക് വിറ്റാല്‍ കര്‍ശന നടപടി

Latest Videos
Follow Us:
Download App:
  • android
  • ios