'ഇടപാടുകൾ അതീവ രഹസ്യം': 60 ചാക്കുകളിലായി 20 ലക്ഷത്തിന്റെ 1500 കിലോ പുകയില ഉൽപ്പന്നവുമായി മൂന്ന് പേർ പിടിയിൽ

'ട്രെയിന്‍ മാര്‍ഗം ആലുവയില്‍ എത്തിക്കുന്ന സാധനങ്ങള്‍ ഓട്ടോറിക്ഷകളില്‍ പെരുമ്പാവൂരിലുള്ള ഗോഡൗണുകളില്‍ എത്തിച്ച ശേഷം ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.'

1500 kilo banned tobacco products seized by kerala excise

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ 20 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നവുമായി മൂന്നുപേരെ അറസ്റ്റ് ചെയ്‌തെന്ന് എക്‌സൈസ്. സൗത്ത് വല്ലം, പാറപ്പുറം എന്നീ പ്രദേശങ്ങളില്‍ എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 60 ചാക്കുകളിലായി 1500 കിലോയോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ആണ് പിടിച്ചെടുത്തത്. പെരുമ്പാവൂര്‍ പാറപ്പുറം സ്വദേശിയായ സുബൈര്‍, അസാം സ്വദേശികളായ റെബ്ബുള്‍ ഹുസൈന്‍ ഹെലാല്‍ അഹമ്മദ്, മിറസുല്‍ അബ്ദുള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

പെരുമ്പാവൂരിലെ ലഹരി വില്‍പന സംഘങ്ങളെ പിടികൂടുവാന്‍ നിരീക്ഷണം ശക്തമാക്കിയതിന്റെ ഫലമായിട്ടാണ് ഇവര്‍ വലയിലായതെന്ന് എക്‌സൈസ് അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ആലുവയില്‍ എത്തിക്കുന്ന സാധനങ്ങള്‍ ഓട്ടോറിക്ഷകളില്‍ പെരുമ്പാവൂരിലുള്ള ഗോഡൗണുകളില്‍ എത്തിച്ചു ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ അതീവ രഹസ്യമായിട്ടായിരുന്നു ഇടപാടുകളെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

കുന്നത്തുനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.ബിനുവിന്റെ നേതൃത്വത്തില്‍ എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ്, മാമല റേഞ്ച്, പെരുമ്പാവൂര്‍ റേഞ്ച് എന്നി ഓഫീസുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. EE&ANSS കെ.പി പ്രമോദ്, മാമല റേഞ്ച് ഇന്‍സ്പെക്ടര്‍ കലാധരന്‍ വി. പെരുമ്പാവൂര്‍ റേഞ്ച് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പി സി തങ്കച്ചന്‍, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ സലിം യൂസഫ്, പി കെ ബിജു, ചാള്‍സ് ക്ലാര്‍വിന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിബു പി ബി, ജിനീഷ്‌ കുമാര്‍ സി പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം ആര്‍ രാജേഷ്, പി വി വികാന്ത്, സിബുമോന്‍, ഫെബിന്‍ എല്‍ദോസ്, ജിതിന്‍ ഗോപി, എം.എം അരുണ്‍ കുമാര്‍, അബ്ദുല്ലകുട്ടി, സുഗത ബീവി, ടിനു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

'പറന്നുയർന്ന ബഹ്റൈൻ വിമാനത്തിന്റെ വാതിൽ തുറക്കുമെന്ന് മലയാളി'; പിടികൂടി മുംബെെ പൊലീസ് 
 

Latest Videos
Follow Us:
Download App:
  • android
  • ios