'സര്‍ഫ്രാസ് ബുദ്ധിശൂന്യന്‍'; പാക് നായകനെതിരെ ആഞ്ഞടിച്ച് ഇതിഹാസം

ലോകകപ്പില്‍ ഇന്ത്യക്കെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയതില്‍ പാക് നായകനെതിരെ ഇതിഹാസ താരത്തിന്‍റെ രൂക്ഷ പരിഹാസം. 
 

Shoaib Akhtar Slams Sarfaraz Ahmed

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യക്കെതിരായ തോൽവിക്ക് പിന്നാലെ പാക് നായകന്‍ സര്‍ഫ്രാസിന് സ്വന്തം നാട്ടില്‍ നിന്ന് രൂക്ഷവിമര്‍ശനം. സര്‍ഫ്രാസിന് ബുദ്ധിയില്ലെന്ന് ഇതിഹാസ പേസര്‍ ഷൊയിബ് അക്തര്‍ പരിഹസിച്ചു. തന്‍റെ യുട്യൂബ് ചാനലിലൂടെയാണ് പാക് നായകനെതിരെ അക്‌തറിന്‍റെ വിമര്‍ശനം. 

'സര്‍ഫ്രാസ് എത്രത്തോളം ബുദ്ധിശൂന്യനാണെന്ന് തനിക്ക് മനസിലാകുന്നില്ല. പാക് ടീം നന്നായി ചേസ് ചെയ്യില്ലെന്ന കാര്യം അയാള്‍ മറന്നു. ബാളിംഗാണ് തങ്ങളുടെ കരുത്ത്. സര്‍ഫ്രാസ് ടോസ് നേടിയപ്പോള്‍ ടീം 50 ശതമാനം ജയിച്ചതാണ്. എന്നാല്‍ മത്സരം തോല്‍പിക്കാനാണ് സർഫ്രാസ് അഹമ്മദ് ശ്രമിച്ചതെന്നും അക്തര്‍ വിമര്‍ശിച്ചു. 

ടോസ് നേടിയ സര്‍ഫ്രാസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചതിന് പിന്നാലെ വിമര്‍ശനവുമായി അക്‌തര്‍ രംഗത്തെത്തിയിരുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കോലിയുടെ തെറ്റ് സര്‍ഫ്രാസ് ആവര്‍ത്തിച്ചു എന്നായിരുന്നു അക്‌തറിന്‍റെ ട്വീറ്റ്.

ഓവലില്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കോലി ബാറ്റിംഗിനയച്ചപ്പോള്‍ പാക്കിസ്ഥാന്‍ 50 ഓവറില്‍ നാല് വിക്കറ്റിന് 338 എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. ഫഖര്‍ സമാന്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 31 ഓവറില്‍ 158 റണ്‍സില്‍ പുറത്തായി. ടോസ് നേടിയിട്ടും ബൗളിംഗ് ചെയ്യാനുള്ള കോലിയുടെ തീരുമാനം അന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു.

ഓള്‍ഡ് ട്രാഫോര്‍ഡിലും സമാനമായിരുന്നു സ്ഥിതി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 336-5 എന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മഴനിയമം പ്രകാരം 89 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി വഴങ്ങി പാക്കിസ്ഥാന്‍ ടീം. വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി ചുരുക്കിയപ്പോള്‍ പാക്കിസ്ഥാന്‍ ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാനായത്. 

Latest Videos
Follow Us:
Download App:
  • android
  • ios