'മാലിക്കിന് വേണ്ടത് അത്താഴം, വിടവാങ്ങല്‍ മത്സരമല്ല'; വിമര്‍ശനവുമായി വസീം അക്രം
നല്ല രീതിയില്‍ അദ്ദേഹത്തിന് അവസാനിപ്പിക്കാമായിരുന്നു. ഈ ലോകകപ്പില്‍ കൂടുതലവസരമൊന്നും കിട്ടിയില്ല. രണ്ടുതവണ ഡക്കുമായി. അദ്ദേഹം നല്ല മനുഷ്യന്‍ കൂടിയാണെന്നും വസീം
ലണ്ടന്‍: പാക് താരം ഷൊയ്ബ് മാലിക്കിന് നേരെ രൂക്ഷവിമര്‍ശനവുമായി പാക് മുന്‍താരം വസീം അക്രം. വിടവാങ്ങല്‍ മത്സരത്തിന് പകരം നല്ലൊരു അത്താഴമൊരുക്കി ഷൊയ്ബിനെ യാത്രയാക്കണമെന്നാണ് വസീം അക്രത്തിന്‍റെ പ്രതികരണം. വിടവാങ്ങല്‍ മത്സരം ചോദിച്ച് വാങ്ങാന്‍ ഇത് ക്ലബ്ബ് ക്രിക്കറ്റല്ലെന്നും വസീം കൂട്ടിച്ചേര്‍ത്തു.
ഷൊയ്ബ് വിടവാങ്ങല്‍ മത്സരം അര്‍ഹിക്കുന്നുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിനായിരുന്നു വസീം അക്രത്തിന്‍റെ രൂക്ഷമായ മറുപടി. ലോകകപ്പോടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് ഷൊയ്ബ് നേരത്തേ പറഞ്ഞതാണ്. എന്നാല്‍ വിടവാങ്ങല്‍ അത്ര മികച്ചതായിരുന്നില്ല. നല്ല രീതിയില്‍ അദ്ദേഹത്തിന് അവസാനിപ്പിക്കാമായിരുന്നു. ഈ ലോകകപ്പില്‍ കൂടുതലവസരമൊന്നും കിട്ടിയില്ല. രണ്ടുതവണ ഡക്കുമായി. അദ്ദേഹം നല്ല മനുഷ്യന്‍ കൂടിയാണെന്നും വസീം കൂട്ടിച്ചേര്‍ത്തു. ആകെ 3 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 8 റണ്‍സ് മാത്രമാണ് സമ്പാദ്യം. ഷൊയ്ബ് മാലിക് രണ്ടു കളികളില്‍ റണ്‍ എടുക്കാനും സാധിച്ചിരുന്നില്ല.
യാത്രയയപ്പ് മത്സരം സംഘടിപ്പിച്ചല്ല വിടവാങ്ങല്‍ വേണ്ടതെന്നും അക്രം വ്യക്തമാക്കി. രാജ്യത്തിന് വേണ്ടി ഒട്ടേറെ മത്സരങ്ങള്‍ ജയിപ്പിച്ചിട്ടുള്ള താരമാണ് മാലിക്. എന്നാല്‍, ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഏത് ക്രിക്കറ്റ് താരത്തിന്‍റെ കരിയറിലും ഇത് സംഭവിക്കാമെന്നും അക്രം പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് ഇരയായ കളിക്കാരനായിരുന്നു ഷൊയ്ബ് മാലിക്.
ഇന്ത്യക്കെതിരായ മത്സരത്തില്‍ ആദ്യ പന്തില്‍തന്നെ മാലിക് പുറത്തായിരുന്നു. ഇതിന് പിന്നാലെ മാലിക് ഭാര്യ സാനിയ മിര്‍സ, സഹകളിക്കാരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് മത്സരത്തിന്‍റെ തലേദിവസം ഡിന്നര്‍ പാര്‍ട്ടി സംഘടിപ്പിച്ചതിന്‍റെ വീഡിയോ പുറത്ത് വന്നത് വിമര്‍ശനത്തിന് വഴിതെളിച്ചിരുന്നു.