ആവേശം എവറസ്റ്റിനും മുകളില്‍; ഇന്ന് ഇന്ത്യ-പാക് പോരാട്ടം

ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും തോല്‍പ്പിച്ചാണ് കോലിപ്പട മാഞ്ചസ്റ്ററിലേക്കെത്തുന്നത്. മൂന്ന് മത്സരങ്ങള്‍ കളിച്ച ഇന്ത്യയുടെ ന്യുസീലന്‍ഡിനെതിരായ പോര് മഴ കാരണം ഉപേക്ഷിച്ചിരുന്നു. അഞ്ച് പോയിന്‍റുള്ള ഇന്ത്യ നാലാമതും നാല് കളിയിൽ മൂന്ന് പോയിന്‍റുള്ള പാകിസ്ഥാന്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്തുമാണ്

India vs pak world cup match today

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഏറ്റവും ഗ്ലാമറസ് പോരാട്ടത്തിന് വേണ്ടിയുള്ള കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. കളിക്കളത്തിലെ ആവേശം വാനമോളമെത്തിക്കുന്ന അങ്കത്തില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും.  മാഞ്ചസ്റ്ററിൽ ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിക്കാണ് മത്സരം.

ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും തോല്‍പ്പിച്ചാണ് കോലിപ്പട മാഞ്ചസ്റ്ററിലേക്കെത്തുന്നത്. മൂന്ന് മത്സരങ്ങള്‍ കളിച്ച ഇന്ത്യയുടെ ന്യുസീലന്‍ഡിനെതിരായ പോര് മഴ കാരണം ഉപേക്ഷിച്ചിരുന്നു. അഞ്ച് പോയിന്‍റുള്ള ഇന്ത്യ നാലാമതും നാല് കളിയിൽ മൂന്ന് പോയിന്‍റുള്ള പാകിസ്ഥാന്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്തുമാണ്.

ലോകകപ്പുകളില്‍ നേര്‍ക്കുനേര്‍ വന്ന ആറ് മത്സരങ്ങളിലും ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചിരുന്നു. എന്നാല്‍, ഇന്ന് പാക്കിസ്ഥാനെ നേരിടാന്‍ ഇറങ്ങും മുമ്പ് ഒരുപാട് കാര്യങ്ങള്‍ക്ക് ഇന്ത്യ പരിഹാരം കാണേണ്ടതുണ്ട്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇല്ലാതെ ലോകകപ്പില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്.

ന്യൂസിലന്‍ഡിനെതിരെ രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ ഓപ്പണിംഗ് കൂട്ടുക്കെട്ട് പരീക്ഷിച്ച് നോക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഇതോടെ ഇന്ന് ഓപ്പണിംഗില്‍ രാഹുല്‍ എത്തുമ്പോള്‍ എത്രമാത്രം ഒത്തിണക്കം രോഹിത്തുമായുണ്ടാകുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ആശങ്കയോടെ നോക്കുന്നത്.

നാലാം നമ്പറില്‍ വിജയ് ശങ്കറിനാണ് പ്രഥമ പരിഗണനയെങ്കിലും ഓവര്‍ വെട്ടിക്കുറച്ചുള്ള മത്സരമെങ്കില്‍ ദിനേശ് കാര്‍ത്തിക്കിന് അവസരം ലഭിച്ചേക്കും. കാര്‍ത്തിക്കിന്‍റെ അനുഭവസമ്പത്തും ടീമിന് മുതുല്‍ക്കൂട്ടാകും. മൂന്നാമതൊരു പേസറെ ഉള്‍പ്പെടുത്തുന്ന കാര്യം ഇന്ത്യ ആലോചിക്കുന്നുണ്ട്. പേസര്‍മാര്‍ക്ക് സഹായം കിട്ടുന്ന സാഹചര്യമാണെങ്കില്‍ മുഹമ്മദ് ഷമിക്ക് നറുക്ക് വീഴും.

ഫോമില്‍ അല്ലാത്ത കുല്‍ദീപ് യാദവിന് പകരം രവീന്ദ്ര ജഡേജയെയും ഇന്ത്യ പരീക്ഷിച്ചേക്കാം. എന്നാല്‍, എല്ലാക്കാലത്തും തുടരുന്ന അപ്രവചീനമായ റെക്കോര്‍ഡ് തന്നെയാണ് പാക്കിസ്ഥാന് ഈ  ലോകകപ്പിനും ഉള്ളത്. ആതിഥേയരായ ഇംഗ്ലണ്ടിന് തോല്‍പ്പിച്ച സര്‍ഫ്രാസും കൂട്ടരും വിജയിക്കാവുന്ന കളികളില്‍ പോലും പിന്നീട് അടിപതറി.

ഇമാം ഉള്‍ ഹഖ്- ബാബര്‍ അസം എന്നിവരുടെ ഫോമിനൊപ്പം മുഹമ്മദ് ഹഫീസിലും സര്‍ഫ്രാസ് അഹമ്മദിലുമാണ് പാക്കിസ്ഥാന്‍റെ ബാറ്റിംഗ് പ്രതീക്ഷകള്‍. വെറ്ററന്‍ താരം ഷൊയിബ് മാലിക്ക് കളിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദ് ആമിറിന്‍റെ പേസില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ ആടിയുലയുമെന്ന് തന്നെയാണ് പാക് ടീമിന്‍റെ വിശ്വാസം.

എന്നാല്‍, തന്‍റെ ശെെലി മാറ്റി ശ്രദ്ധയോടെ ഓരോ പന്തിനെയും സൂക്ഷ്മതയോടെ നേരിടുന്ന രോഹിത്തും വിരാട് കോലിയും ചേര്‍ന്ന് പാക് ബൗളര്‍മാരെ അടിച്ചൊതുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മഴ പെയ്യുമോയെന്നുള്ള ആശങ്കയാണ് ഇരുടീമിന്‍റെ ആരാധകര്‍ക്കും ഒരുപോലെയുള്ളത്. മഴ ഇടയ്ക്ക് തടസപ്പെടുത്തിയാലും മത്സരം ഉപേക്ഷിക്കേണ്ടി വരില്ലെന്നാണ് പ്രവചനം.

Latest Videos
Follow Us:
Download App:
  • android
  • ios