ഇന്ത്യയുടെ വിക്കറ്റ് കീപ്പറായും ഓപ്പണറായും സഞ്ജു തന്നെ? ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്ക് നാളെ തുടക്കം
ആദ്യ മത്സരത്തിലെ പ്ലേയിംഗ് ഇലവന്‍ എന്തായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഡര്‍ബന്‍: ഒരിടവേളയ്ക്ക് ശേഷം ടി20 പരമ്പരയ്ക്കിറങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. നാളെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുന്നത്. നാളെ വൈകിട്ട് 8.30ന് ഡര്‍ബനിലാണ് മത്സരം. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഡര്‍ബനിലെത്തിയിരുന്നു. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത് ബംഗ്ലാദേശിനെതിരെ ടി20 പരമ്പര 3-0ന് സ്വന്തമാക്കിയശേഷം ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ജൂണില്‍ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കീരിടം നേടിയശേഷം ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.
ആദ്യ മത്സരത്തിലെ പ്ലേയിംഗ് ഇലവന്‍ എന്തായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരെ അവസാന ടി20യില്‍ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഓപ്പണറായേക്കും. അഭിഷേക് ശര്‍മയും സഞ്ജുവും മാത്രമാണ് ടീമിലെ രണ്ട് സ്പെഷലിസ്റ്റ് ഓപ്പണര്‍മാര്‍. അതുകൊണ്ടുതന്നെ അഭിഷേകും തുടരും.ഇരുവരില്‍ ഒരാള്‍ ഫോമിലിയില്ലെങ്കില്‍ മാത്രമേ ജിതേഷ് ശര്‍മയെ പരീക്ഷിക്കൂ. സെഞ്ചുറി നേട്ടത്തോടെ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം ഉറച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറായും സഞ്ജു തന്നെ തുടരും.
അതേസമയം ബംഗ്ലാദേശിനെതിരെ നിറം മങ്ങിയ അഭിഷേക് ശര്‍മയ്ക്ക് പിന്നാലെ നടന്ന എമേര്‍ജിംഗ് ഏഷ്യാ കപ്പിലും വലിയൊരു സ്‌കോര്‍ നേടാനാവാഞ്ഞത് ഇന്ത്യക്ക് തലവേദനയാണ്. ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള പിച്ചുകള്‍ സഞ്ജുവിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. മുമ്പ് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സെഞ്ചുറി നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് സൂര്യകുമാര്‍ യാദവ് തുടരും. നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ് എന്നിവര്‍ ടീമിലില്ലാത്തതിനാല്‍ മധ്യനിരയിലും പൊളിച്ചെഴുത്തിന് സാധ്യതതയുണ്ട്.
നിതീഷ്, ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പമായിരിക്കും. പരാഗിന്റെ പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ട് നാലാം നമ്പറില്‍ തിലക് വര്‍മ കളിക്കും. അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും റിങ്കു സിംഗും പിന്നാലെയെത്തും. ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം രണ്ടാമത്തെ പേസ് ഓള്‍ റൗണ്ടറായി രമണ്‍ദീപ് സിംഗ് പ്ലേയിംഗ് ഇലവനില്‍ കളിക്കാനാണ് സാധ്യത. വരുണ്‍ ചക്രവര്‍ത്തി സ്പെഷ്യലിസ്റ്റ് സ്പിന്നറാകും. സ്പെഷ്യലിസ്റ്റ് പേസര്‍മാരായി അര്‍ഷ്ദീപ് സിംഗ്, യഷ് ദയാല്‍ എന്നിവരും കളിക്കും.
ആദ്യ ടി20യ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അര്‍ഷ്ദീപ് സിംഗ്, യഷ് ദയാല്‍, വരുണ്‍ ചക്രവര്‍ത്തി.
മുഴുവന്‍ സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്, അവേഷ് ഖാന്‍, യാഷ് ദയാല്‍.