ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ മത്സരം; ആകാംക്ഷയോടെ ടീം ഇന്ത്യ
ന്യുസിലന്‍ഡിനെതിരെ ഞായറാഴ്ചത്തെ മത്സരം ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാണ്. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ന്യുസീലന്‍ഡുമാണ് വമ്പന്മാര്‍.
ഷാര്‍ജ: ടി20 ലോകകപ്പില്‍ (T20 World Cup) ഇന്ന് ന്യൂസീലന്‍ഡ്- പാകിസ്ഥാന്‍ (NZvPAK) മത്സരം ആകാംക്ഷയോടെയാണ് ഇന്ത്യയും കാത്തിരിക്കുന്നത്. ന്യുസിലന്‍ഡിനെതിരെ ഞായറാഴ്ചത്തെ മത്സരം ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടമാണ്. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ന്യുസീലന്‍ഡുമാണ് വമ്പന്മാര്‍.
ഗ്രൂപ്പില്‍ ഒന്നിലേറെ അട്ടിമറികള്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസീലന്‍ഡ് ടീമുകളില്‍ രണ്ടെണ്ണം സെമിയിലേക്ക് മുന്നേറാനാണ് സാധ്യത. അതിനാല്‍ ന്യൂസീലന്‍ഡിനെ ഞായറാഴ്ച തോല്‍പ്പിച്ചില്ലെങ്കില്‍ ഇന്ത്യക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങും. ട്വന്റി 20യില്‍ ഇന്ത്യക്കെതിരെ ന്യുസീലന്‍ഡിന് നേരിയ മേല്‍ക്കൈയുണ്ട്.
14 കളികളില്‍ 8ലും ജയിച്ചത് കിവീസ്. ഐസിസി ടൂര്‍ണമെന്റുകളിലും അടുത്തിടെ നടന്ന ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലുമുള്‍പ്പെടെ ന്യൂസിലന്‍ഡ് ഇന്ത്യയേക്കാള്‍ ഒരു പടി മുന്നില്‍. എന്നാല്‍ കഴിഞ്ഞ വര്‍ഷം ന്യുസീലന്‍ഡിനെതിരെ ടി 20 പരമ്പരയില്‍ സമ്പൂര്‍ണജയം നേടാന്‍ ഇന്ത്യക്കായിട്ടുണ്ട്.
അഫ്ഗാനിസ്ഥാനെതിരായ മത്സരം ഒഴികെ ഇന്ത്യയുടെ ഇനിയുള്ള എല്ലാ കളികളും ദുബായിലാണ് നടക്കുക. ഞായറാഴ്ച ന്യൂസിലന്‍ഡിനോട് തോറ്റാല്‍ നാടകീയമായ സംഭവങ്ങളുണ്ടെങ്കിലേ ഇന്ത്യക്ക് ഒരു തിരിച്ചുവരവ് സാധ്യമാകൂ.