99 ശതമാനം ജയിച്ച കളി തോല്‍ക്കാന്‍ കാരണം ബാബറിന്‍റെ ആ രണ്ട് മണ്ടത്തരങ്ങളെന്ന് മുന്‍ പാക് പേസര്‍
ഇന്ത്യക്ക് മൂന്നോവറില്‍ 18 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ബാബര്‍ ഷഹീന്‍ അഫ്രീദിയെ പന്തേല്‍പ്പിച്ചതാണ് രണ്ടാമത്തെ വലിയ മണ്ടത്തരം. താളം കണ്ടെത്താന്‍ പാടുപെട്ട ഷഹീന്‍ ആ ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 17 റണ്‍സ് വഴങ്ങി.
മെല്‍ബണ്‍: ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 99 ശതമാനവും ജയിച്ച കളി തോല്‍ക്കാന്‍ കാരണമായത് ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ രണ്ട് മണ്ടന്‍ തീരുമാനങ്ങളായിരുന്നുവെന്ന് മുന്‍ പാക് പേസര്‍ മുഹമ്മദ് ആമിര്‍. ഷഹീന്‍ അഫ്രീദിയുടെ മാച്ച് ഫിറ്റ്നെസിനെക്കുറിച്ചും ആമിര്‍ സംശയം ഉന്നയിച്ചു.
ഷഹീന്‍ ആദ്യ രണ്ടോവര്‍ എറിഞ്ഞപ്പോഴെ താളം കണ്ടെത്താനാവുന്നില്ലെന്ന് തിരിച്ചറിയണമായിരുന്നു. അതുകൊണ്ട് തന്നെ ഷഹീനെ അവസാനം എറിയിക്കാനായി കരുതിവെക്കാതെ മധ്യ ഓവറുകളില്‍ എറിയിച്ചിരുന്നെങ്കില്‍ മുഹമ്മദ് നവാസിനെതിരെ ഹാര്‍ദ്ദിക്കും കോലിയും ഒരോവറില്‍ മൂന്ന് സിക്സടിച്ച് നടത്തിയ കടന്നാക്രമണം ഒഴിവാക്കാമായിരുന്നു. കാരണം, നവാസിനെ സിക്സടിക്കുന്നതുപോലെ ഷഹീനെതിരെ അടിക്കാന്‍ കഴിയില്ല. ഷഹീനെക്കൊണ്ട് പതിനൊന്നാം ഓവര്‍ എറിയിക്കുകയും ഒരു വിക്കറ്റെടുക്കാന്‍ കഴിയുകയും ചെയ്തിരുന്നെങ്കില്‍ കളി അവിടെ തീരുമായിരുന്നു.
ഇന്ത്യയുടെ മത്സരം വെള്ളത്തിലാകുമോ? സിഡ്നിയിലെ ആദ്യ കളി മഴയില്‍ കുളിച്ചു
കാരണം, പാണ്ഡ്യയുടെയോ കോലിയുടെയോ വിക്കറ്റ് നഷ്ടമായിരുന്നെങ്കില്‍ കളി ഇന്ത്യയുടെ കൈയില്‍ നിന്ന് പോവുമായിരുന്നു. അതുപോലെ ഇന്ത്യക്ക് മൂന്നോവറില്‍ 18 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ബാബര്‍ ഷഹീന്‍ അഫ്രീദിയെ പന്തേല്‍പ്പിച്ചതാണ് രണ്ടാമത്തെ വലിയ മണ്ടത്തരം. താളം കണ്ടെത്താന്‍ പാടുപെട്ട ഷഹീന്‍ ആ ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 17 റണ്‍സ് വഴങ്ങി.
ഇതോടെ ഇന്ത്യന്‍ ലക്ഷ്യം രണ്ടോവറില്‍ 31 റണ്‍സായി. ആ ഓവര്‍ ഹാരിസ് റൗഫിനായിരുന്നു നല്‍കേണ്ടിയിരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ആരാണ് തന്‍റെ വിശ്വസ്ത ബൗളറെന്ന് തിരിച്ചറിയാന്‍ ഒരു ക്യാപ്റ്റന് കഴിയണം. ആ സമയത്ത് മികച്ച രീതിയില്‍ പന്തെറിയുകയായിരുന്ന റൗഫായിരുന്നു അഫ്രീദി എറിഞ്ഞ പതിനെട്ടാം ഓവര്‍ എറിഞ്ഞിരുന്നതെങ്കില്‍ അത്രയും റണ്‍സ് വഴങ്ങില്ലായിരുന്നുവെന്നും ആമിര്‍ പറഞ്ഞു.
ചാഹല്‍ ഇറങ്ങുമോ? നെതർലന്‍ഡ്സിനെതിരെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവന്‍ പ്രവചിച്ച് അനില്‍ കുംബ്ലെ
ടി20 ലോകകപ്പില്‍ ഞായറാഴ്ച നടന്ന സൂപ്പര്‍ 12 പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ അവസാന പന്തിലാണ് ഇന്ത്യ ജയിച്ചു കയറിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ 37 പന്തില്‍ 40 റണ്‍സടിച്ചപ്പോള്‍ വിരാട് കോലി 53 പന്തില്‍ 82 റണ്‍സുമായി പുറത്താകാതെ നിന്നു.