ടി20 ലോകകപ്പ്: ബാബറിനെ വീഴ്ത്തി സൗത്തി, കിവീസിനെതിരെ പാക്കിസ്ഥാന് ഭേദപ്പെട്ട തുടക്കം
ഇന്ത്യക്കെതിരെയെന്ന പോലെ കരുതലോടെയാണ് ബാബറും റിസ്‌വാനും ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയത്. സാന്‍റനറുടെ ആദ്യ ഓവറില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ ബാബര്‍ പിന്നീട് പ്രതിരോധത്തിലേക്ക് വലിഞ്ഞു.
ഷാര്‍ജ: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് (PAKvNZ) ഉയര്‍ത്തിയ 135 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. ഒമ്പത് റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. ടിം സൗത്തിക്കാണ് വിക്കറ്റ്. കിവീസിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ് പാക്കിസ്ഥാന്‍. 24 പന്തില്‍ 23 റണ്‍സോടെ മുഹമ്മദ് റിസ്‌വാനും രണ്ട് റണ്‍സുമായി ഫഖര്‍ സമനും ക്രീസില്‍.
കരുതലോടെ തുടങ്ങി ബാബറും റിസ്‌വാനും
ഇന്ത്യക്കെതിരെയെന്ന പോലെ കരുതലോടെയാണ് ബാബറും റിസ്‌വാനും ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയത്. സാന്‍റനറുടെ ആദ്യ ഓവറില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ ബാബര്‍ പിന്നീട് പ്രതിരോധത്തിലേക്ക് വലിഞ്ഞു. പിന്നീ് റിസ്‌വാന് പ്രധാനമായും പാക് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ബോള്‍ട്ടിനെയും സൗത്തിയയെും ബൗണ്ടറി കടത്തി റിസ്‌വാന്‍ ക്രീസിലുണ്ട്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. 27 റണ്‍സെടുത്ത ഓപ്പണര്‍ ഡാരില്‍ മിച്ചലും ഡേവോണ്‍ കോണ്‍വെയുമാണ് കിവീസിന്‍റെ ടോപ് സ്കോറര്‍മാര്‍. 22 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഹാരിസ് റൗഫാണ് ന്യൂസിലന്‍ഡിനെ എറിഞ്ഞിട്ടത്.
അഫ്രീദിക്കെതിരെ കരുതലോടെ, അന്തകനായത് ഹാരിസ് റൗഫ്
ഇന്ത്യയുടെ മുന്‍നിര തകര്‍ത്തെറിഞ്ഞ ഷാഹിന്‍ അഫ്രീദിക്കെതിരെ കരുതലോടെയാണ് കിവീസ് തുടങ്ങിയത്. അഫ്രീദിയുടെ ആദ്യ ഓവര്‍ മെയ്ഡിനായി. അഞ്ചാം ഓവറില്‍ ഹാരിസ് റൗഫാണ് പാക്കിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. അഞ്ചോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സിലെത്തിയ കിവീസിന്‍റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ(17) മടക്കി റൗഫ് വിക്കറ്റ് വേട്ട തുടങ്ങി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും പ്രതീക്ഷ നല്‍കിയെങ്കിലും മിച്ചലിനെ വീഴ്ത്തി ഇമാദ് വാസിം ആ പ്രതീക്ഷ തകര്‍ത്തു.
ജെയിംസ് നീഷാം വന്നപോലെ മടങ്ങിയതിന് പിന്നാലെ നിലയുറപ്പിച്ച വില്യംസണ്‍ സ്കോറിംഗ് വേഗം കൂട്ടാന്‍ തുടങ്ങിയ ഘട്ടത്തില്‍ ഹസന്‍ അലിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായത് കിവീസിന് തിരിച്ചടിയായി. ഒരു സിക്സും രണ്ട് ഫോറും പറത്തിയ വില്യംസണ്‍ 26 പന്തില്‍ 25 റണ്‍സെടുത്തു.
പിന്നീട് വന്നവര്‍ക്ക് ആര്‍ക്കും ഷാര്‍ജയിലെ സ്ലോ പിച്ചില്‍ പിടിച്ചു നില്‍ക്കാനായില്ല. ഡെവോണ്‍ കോണ്‍വെ(27) നടത്തിയ പോരാട്ടം കിവീസിനെ 100 കടത്തി. ഗ്ലെന്‍ ഫിലിപ്സിനെയും(13) ഡെവോണ്‍ കോണ്‍വെയയും(27) മടക്കി ഹാരിസ് റൗഫ് തന്നെയാണ് കിവീസിന്‍റെ നടുവൊടിച്ചതും. റൗഫ് നാലോവറില്‍ 22 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഇമാദ് വാസിമും ഷഹീന്‍ അഫ്രീദിയും മുഹമ്മദ് ഹഫീസും ഓരോ വിക്കറ്റെടുത്തു. പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തിയാണ് ഇറങ്ങിയത്.