ടി20 ലോകകപ്പ്: 'മെന്‍റര്‍ സിംഗ് ധോണി' പണി തുടങ്ങി, ആദ്യം പന്തിന് ധോണിയുടെ വക കീപ്പിംഗ് ക്ലാസ്
സൈറ്റ് സ്ക്രീനിലെ ചെറിയ പ്രശ്നത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് ഇടക്ക് തടസപ്പെട്ടപ്പോള്‍ ക്യാമറകള്‍ ധോണിയുടെ പരീശിലന ക്ലാസിലേക്ക് സൂം ചെയ്തു
ദുബായ്: ടി20 ലോകകപ്പിന്(T20 World Cup 2021) മുന്നോടിയായി ഓസ്ട്രേലിയക്കെതിരായ(Australia) ഇന്ത്യയുടെ(India) രണ്ടാം സന്നാഹ മത്സരം(warm-up match) ഗ്രൗണ്ടില്‍ നടക്കുമ്പോള്‍ ആരാധകരുടെ കണ്ണുകളെല്ലാം ബൗണ്ടറി ലൈനിന് പുറത്ത് മറ്റൊരു കാഴ്ചയിലായിരുന്നു. ഓസീസ് ബാറ്റിംഗിനിടെ ബൗണ്ടറി ലൈനിന് തൊട്ട് പുറത്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്(Rishabh Pant) കീപ്പിംഗ് ക്ലാസ് നല്‍കുന്ന എം എസ് ധോണിയില്‍(MS Dhoni).
വിക്കറ്റിന് പിന്നിലെ സ്റ്റാന്‍സ് മുതല്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കുമ്പോള്‍ പന്ത് എങ്ങനെ കലക്ട് ചെയ്യണം എങ്ങനെ അതിവേഗം സ്റ്റംപ് ചെയ്യണമെന്നെല്ലാം ധോണി പന്തിന് കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഇതിന് പുറമെ വിക്കറ്റിന് പിന്നില്‍ നിന്ന് പന്ത് കലക്ട് ചെയ്യാനായി ധോണി റിഷഭ് പന്തിന് പന്തെറിഞ്ഞു കൊടുക്കുകയും ചെയ്തു.
സൈറ്റ് സ്ക്രീനിലെ ചെറിയ പ്രശ്നത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഇന്നിംഗ്സ് ഇടക്ക് തടസപ്പെട്ടപ്പോള്‍ ക്യാമറകള്‍ ധോണിയുടെ പരീശിലന ക്ലാസിലേക്ക് സൂം ചെയ്തു. ഐപിഎല്ലില്‍ ന്നൈയെ കിരീടത്തിലേക്ക് നയിച്ച ധോണി അതിനുശേഷമാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ മെന്‍ററായി ചുമതലയേറ്റത്.
ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ 152 റണ്‍സെടുത്തപ്പോള്‍ 13 പന്ത് ബാക്കി നിര്‍ത്തി ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 60 റണ്‍സെടുത്ത് റിട്ടയേര്‍ഡ് ഹര്‍ട്ടായ രോഹിത് ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍. നേരത്തെ ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. വരുന്ന ഞായറാഴ്ച പാക്കിസ്ഥാനെതിരെ ആണ് ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടില്‍ ഇന്ത്യയുടെ ആദ്യ മത്സരം