ദയ കാട്ടാതെ ഉത്തപ്പയും വിഷ്‌ണുവും; ദില്ലിയെ ആറ് വിക്കറ്റിന് തകര്‍ത്ത് കേരളം, ഗ്രൂപ്പില്‍ തലപ്പത്ത്

സയിദ് മുഷ്താഖ് അലി ടി20യില്‍ വീണ്ടും കേരളത്തിന്‍റെ മാസ് വെടിക്കെട്ട്. ദില്ലിയുടെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് ത്രസിപ്പിക്കുന്ന ജയം.

Syed Mushtaq Ali Trophy 2020 21 Kerala beat Delhi by 6 wickets

മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ മുംബൈക്ക് പിന്നാലെ ദില്ലിയേയും അടിച്ചോടിച്ച് കേരളം. ആറ് വിക്കറ്റിനാണ് കേരളത്തിന്‍റെ ത്രസിപ്പിക്കുന്ന ജയം. ദില്ലി മുന്നോട്ടുവച്ച കൂറ്റന്‍ വിജയലക്ഷ്യമായ 213 റണ്‍സ് റോബിന്‍ ഉത്തപ്പ, വിഷ്‌ണു വിനോദ് എന്നിവരുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ ആറ് പന്ത് ബാക്കിനില്‍ക്കേ സ്വന്തമാക്കി. ഉത്തപ്പ 54 പന്തില്‍ 95 റണ്‍സും വിഷ്‌ണു 38 പന്തില്‍ 71* റണ്‍സും നേടി. സ്‌കോര്‍: ദില്ലി-212/4 (20), കേരളം-218/4 (19). 

അസ്‌ഹറുദ്ദീനും സഞ്ജുവിനും നിരാശ

മറുപടി ബാറ്റിംഗില്‍ കേരളത്തിന് തുടക്കത്തിലെ തിരിച്ചടി നേരിട്ടു. കഴിഞ്ഞ മത്സരത്തില്‍ 54 പന്തില്‍ 137 റണ്‍സുമായി ഹീറോയായ മുഹമ്മദ് അസ്‌ഹറുദ്ദീനെ ആദ്യ ഓവറില്‍ കേരളത്തിന് നഷ്‌ടമായി. പേസര്‍ ഇശാന്ത് ശര്‍മ്മയുടെ മൂന്നാം പന്തില്‍ പുറത്താകുമ്പോള്‍ അസ്‌ഹറുദ്ദീന്‍ അക്കൗണ്ട് തുറന്നിരുന്നില്ല. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജുവിനും നിരാശയായി മത്സരം. 10 പന്തില്‍ 16 എടുത്ത സഞ്ജുവിനെ നാലാം ഓവറില്‍ പ്രദീപ് സാങ്‌വാന്‍ റിട്ടേണ്‍ ക്യാച്ചില്‍ മടക്കുകയായിരുന്നു.

ഉത്തപ്പയ്‌ക്ക് 34 പന്തില്‍ ഫിഫ്റ്റി

റോബിന്‍ ഉത്തപ്പയ്‌ക്കൊപ്പം വേഗത്തില്‍ സ്‌കോറുയര്‍ത്താന്‍ സച്ചിന്‍ ബേബി ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. 11 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്ത സച്ചിനെ 7.3 ഓവറില്‍ ലളിത് യാദവ് റിട്ടേണ്‍ ക്യാച്ചില്‍ പറഞ്ഞയച്ചു. ഇതോടെ കേരളം 3-71. 10 ഓവറില്‍ 95 റണ്‍സാണ് കേരളത്തിന്‍റെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. 34 പന്തില്‍ നിന്ന് ഉത്തപ്പ അര്‍ധ സെഞ്ചുറി തികച്ചു. 

വെടിക്കെട്ട് ഏറ്റെടുത്ത് വിഷ്‌ണു

ഇശാന്ത് എറിഞ്ഞ 13-ാം ഓവറില്‍ ക്യാച്ചും നോബോളും ഉത്തപ്പയുടെ രക്ഷക്കെത്തി. മറുവശത്ത് തകര്‍പ്പന്‍ സിക്സുകളുമായി വിഷ്‌ണു വിനോദും മുന്നേറി. ഇതോടെ 15 ഓവറില്‍ 163 റണ്‍സിലെത്തി. ജയിക്കാന്‍ അവസാന 30 പന്തില്‍ കേരളത്തിന് 45 റണ്‍സ്. 17-ാം ഓവറിലെ രണ്ടാം പന്തിലും ഉത്തപ്പയ്‌ക്ക് ലൈഫ്. 17.4 ഓവറില്‍ ഉത്തപ്പ പുറത്തായെങ്കിലും 54 പന്തില്‍ 95 റണ്‍സുണ്ടായിരുന്നു പേരില്‍. വിഷ്‌ണു-സല്‍മാന്‍ സഖ്യം 19 ഓവറില്‍ കേരളത്തെ അനായാസം ജയിപ്പിച്ചു. 

ധവാന്‍ മികവില്‍ ഡല്‍ഹി

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദില്ലിക്ക് ശിഖര്‍ ധവാന്റെ (77) അര്‍ധ സെഞ്ചുറിയാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റുകള്‍ മാത്രമേ ദില്ലിക്ക് നഷ്ടമായുള്ളൂ. കേരളത്തിന് വേണ്ടി ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. ധവാന്‍, റാണ എന്നീ വമ്പന്മാരെയാണ് ശ്രീശാന്ത് മടക്കിയത്. എന്നാല്‍ വെറ്റന്‍ താരം 46 വിട്ടുകൊടുത്തു. കെ എം ആസിഫ്, എസ് മിഥുന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

അവസാന ഓവറുകളില്‍ ലളിത് ഷോ

48 പന്തില്‍ മൂന്ന് സിക്‌സിന്റേയും ഏഴ് ഫോറിന്റേയും സഹായത്തോടെയാണ് ധവാന്‍ 77 റണ്‍സ് നേടിയത്. ഒരറ്റത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെടുമ്പോഴും റണ്‍റേറ്റ് കൂട്ടിയത് ധവാന്റെ ഇന്നിംഗ്‌സാണ്. അവസാന ഓവറുകളില്‍ ലളിത് യാദവ് (25 പന്തില്‍ 52) കത്തിക്കയറിയപ്പോള്‍ ദില്ലി 200 കടന്നു. ലളിതിനൊപ്പം അനുജ് റാവത്ത് (10 പന്തില്‍ 27) പുറത്താവാതെ നിന്നു. ഹിതന്‍ ദലാല്‍ (11), ഹിമ്മത് സിംഗ് (26), നിതീഷ് റാണ (16) എന്നിവരുടെ വിക്കറ്റുകള്‍ കൂടെയാണ് ദില്ലിക്ക് നഷ്ടമായത്. 

ജയത്തോടെ ഗ്രൂപ്പ് ഇയില്‍ കേരളം ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ പോണ്ടിച്ചേരിയെ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മുംബൈയെ എട്ട് വിക്കറ്റിനും കേരളം തോല്‍പ്പിച്ചിരുന്നു.

അരങ്ങേറ്റത്തിര്‍ നടരാജന് രണ്ട് വിക്കറ്റ്; ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ ആദ്യദിനം ഓസീസിന് മേല്‍ക്കൈ


 

Latest Videos
Follow Us:
Download App:
  • android
  • ios