ഇനി വരുന്നത് സഞ്ജു-സൂര്യ നേര്‍ക്കുനേര്‍ പോരാട്ടം? മുഷ്താഖ് അലി ട്രോഫിയില്‍ കേരളം-മുംബൈ ഗ്ലാമര്‍ പോര്
എത്ര മത്സരങ്ങള്‍ക്ക് കേരളം വേദിവയാകുമെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
തിരുവനന്തപുരം: രഞ്ജി ട്രോഫിക്ക് താല്കാലിക ഇടവേള. കേരളം ഇനി നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളിലേക്ക്. ഈ മാസം 23നാണ് കേരളം സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. കേരള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ദിവസങ്ങള്‍ക്കിടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞെത്തുന്ന സഞ്ജു സാംസണായിരിക്കും കേരളത്തെ നയിക്കുക. ഇന്ത്യക്ക് ഇനി ജനുവരിയില്‍ മാത്രമാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കേണ്ടത്. അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തുന്ന ഇംഗ്ലണ്ട് മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് കളിക്കുക.
സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടാകുമെന്നുള്ള കാര്യം ഉറപ്പാണ്. അതിന് മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും തിളങ്ങി ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ടിനെതിരെ കളിക്കുകയെന്നുള്ളതാണ് താരത്തിന്റെ ലക്ഷ്യം. പ്രഥമ കേരള പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങള്‍ക്ക് അവസരമൊരുങ്ങും. ടൂര്‍ണമെന്റിന്് ശേഷം വിജയ് ഹസാരെ (ഏകദിന ടൂര്‍ണമെന്റ്) കേരളം കളിക്കും. ഗ്രൂപ്പ് ഇയിലാണ് കേരളം കളിക്കുക. മഹാരാഷ്ട്ര, മുംബൈ, ആന്ധ്രാ പ്രദേശ് എന്നിവര്‍ കേരളത്തിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് ഉറപ്പാണ്. സര്‍വീസസ്, നാഗാലാന്‍ഡ്, ഗോവ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
എത്ര മത്സരങ്ങള്‍ക്ക് കേരളം വേദിവയാകുമെന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമോ, തുമ്പ സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിലോ ആയിരിക്കും കേരളത്തിന്റെ ഹോം മത്സരങ്ങള്‍. 23ന് ഉച്ചയ്ക്ക് 1.30ന് സര്‍വീസസിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. തുടര്‍ന്ന് 25ന് രാവിലെ 9 മണിക്ക് മഹാരാഷ്ട്രയേയും കേരളം നേരിടും. റുതുരാജ് ഗെയ്കവാദ് മഹാരാഷ്ട്രയെ നയിക്കാനുണ്ടാകും. മൂന്നാം മത്സരത്തില്‍ 27ന് കേരളം, നാഗാലന്‍ഡിനെ നേരിടും. രാവിലെ 9.00 മണിക്കാണ്. തുടര്‍ന്നാണ് ഗ്രൂപ്പിലെ ഗ്ലാമര്‍ പോര്. 29ന് കേരളം, മുംബൈക്കെതിരെ കളിക്കും. രാവിലെ ഒമ്പത് മണിക്കാണ് മത്സരം.
ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ അജിന്‍ക്യ രഹാനെ, പൃഥ്വി ഷാ എന്നിവര്‍ ഉള്‍പ്പെടുന്ന വമ്പന്മാരുണ്ട്. സൂര്യകുമാര്‍ യാദവ് ആദ്യ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് അറിയുന്നത്. സഹോദരിയുടെ വിവാഹത്തെ തുടര്‍ന്നാണ് സൂര്യ മാറി നില്‍ക്കുന്നത്. എന്നാല്‍ കേരളത്തിനെതിരായ മത്സരം ആവുമ്പോഴേക്ക് തിരിച്ചെത്താനും സാധ്യതയേറെയാണ്. ഡിസംബര്‍ ഒന്നിന് കേരളം ഗോവയേയും മൂന്ന് ആന്ധ്രയേയും നേരിടും. അര്ജുന് ടെന്‍ഡുല്‍ക്കറാണ് ഗോവന്‍ ടീമിനെ പ്രമുഖ താരം. ആന്ധ്രാ ടീമില്‍ ശ്രീകര്‍ ഭരത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കളിക്കുന്നുണ്ട്.