അക്കാര്യങ്ങളൊന്നും ഇപ്പോള്‍ സംസാരിക്കുന്നത് ശരിയല്ല; ടി20 ലോകകപ്പ് ടീം സെലക്ഷനെ കുറിച്ച് സഞ്ജു
റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായി ടീമിനൊപ്പമുണ്ട്. കെ എല്‍ രാഹുലും കീപ്പിംഗില്‍ മികവ് പുലര്‍ത്തുന്ന താരമാണ്.
ദുബായ്: മലയാളി താരം സഞ്ജു സാംസണിലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കാണാന്‍ ക്രിക്കറ്റ് ആരാധകര്‍ ആഗ്രഹിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ദേശീയ ടീമില്‍ കളിച്ചപ്പോഴെല്ലാം നിരാശപ്പെടുത്തി. ഇതോടെ ടീമില്‍ നിന്ന് പുറത്തുമായി. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവര്‍ വിക്കറ്റ് കീപ്പര്‍മാരായി ടീമിനൊപ്പമുണ്ട്. കെ എല്‍ രാഹുലും കീപ്പിംഗില്‍ മികവ് പുലര്‍ത്തുന്ന താരമാണ്. ടീമില്‍ ഇടം ലഭിക്കാത്തതിനെ കുറിച്ച് സഞ്ജു ഇതുവരെ ഒന്നും പ്രതികരിച്ചില്ലായിരുന്നു.
അതിനെ കുറിച്ച് ആദ്യമായി മനസ് തുറക്കുകയാണ് സഞ്ജു. ദേശീയ ടീം സെലക്ഷനെ കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്നാണ് സഞ്ജു പറയുന്നത്. താരം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു... ''ശരിയാണ് ഐപിഎല്ലിനിടെ ആളുകള്‍ ദേശീയ ടീം സെലക്ഷനെ കുറിച്ച് സംസാരിക്കും. എന്നാലിപ്പോള്‍ ഒരു പ്രധാന ടൂര്‍ണമെന്റിനിടെ (ഐപിഎല്‍) ദേശീയ ടീമിലേക്കുള്ള സെലക്ഷനെ കുറിച്ച് സംസാരിക്കുന്നത് ശരിയല്ല. ഐപിഎല്ലിലാണ് ഇപ്പോഴെന്റെ ശ്രദ്ധ മുഴുവന്‍. അവസരങ്ങള്‍ ഇനിയും വരും.
ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ വീണ്ടും ദേശീയ ടീമിലെത്താന്‍ കഴിയും. മനസില്‍ ഒന്നുമില്ലാതെയാണ് ഐപിഎല്ലിനെ സമീപിക്കേണ്ടത്. ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ച് എനിക്കൊരു ആശയക്കുഴപ്പവുമില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ആളുകള്‍ എന്നെക്കുറിച്ച് നല്ല കാര്യങ്ങളും അത് പോലെ മറ്റ് കാര്യങ്ങളും പറയുന്നു. ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം സാധാരണമായി കഴിഞ്ഞു.'' സഞ്ജു വ്യക്തമാക്കി.
ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ഇന്ത്യന്‍ ടീമില്‍ തിളങ്ങാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തിലും മോശം പ്രകടനമായിരുന്നു സഞ്ജുവിന്റേത്.