റുതുരാജ് മുതല്‍ നിതീഷ് കുമാര്‍ വരെ! ഇന്ത്യന്‍ ടീമിലേക്ക് വാതില്‍ തുറന്നുകിടക്കുന്നു, ശ്രദ്ധിക്കേണ്ട താരങ്ങള്‍
ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിട്ടും, ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയുടെ ബാക്ക്-അപ്പ് ഓപ്പണറായി ഗെയ്ക്വാദിനെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
മെല്‍ബണ്‍: ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനം ഒക്ടോബര്‍ 31 വ്യാഴാഴ്ച മക്കെയിലെ ഗ്രീന്‍ ബാരിയര്‍ റീഫ് അരീനയില്‍ ആരംഭിക്കും. റുതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എ ടീം രണ്ട് ചുതര്‍ദിനങ്ങളാണ് ഓസ്‌ട്രേലിയ എ ടീമിനെതി കളിക്കുക. പിന്നാലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിലെത്തുന്ന ഇന്ത്യന്‍ സീനിയര്‍ ടീമുമായി സന്നാഹ മത്സരവും കളിക്കും. നവംബര്‍ 15 മുതല്‍ പെര്‍ത്തിലാണ് ത്രിദിന മത്സരം. പരമ്പരയില്‍ ശ്രദ്ധിക്കേണ്ട ചില താരങ്ങളുണ്ട്. അവര്‍ ആരോക്കെയെന്ന് നോക്കാം...
റുതുരാജ് ഗെയ്ക്വാദ്
ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടിട്ടും, ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയുടെ ബാക്ക്-അപ്പ് ഓപ്പണറായി ഗെയ്ക്വാദിനെ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം ബംഗാളിന്റെ അഭിമന്യു ഈശ്വരനെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തു. ആഭ്യന്തര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവെച്ച ഗെയ്ക്വാദ് കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയിലേക്കുള്ള ഇന്ത്യയുടെ ടീമില്‍ നിന്ന് വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടിരുന്നു. പിന്നീട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാനുള്ള വഴി കണ്ടെത്തിയില്ല. പിന്നീട് ദുലീപ് ട്രോഫിയില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 232 റണ്‍സ് നേടി. മുംബൈക്കെതിരെ ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി കളിച്ച താരം രണ്ടാം ഇന്നിംഗ്സില്‍ 145 റണ്‍സ് നേടി.
അഭിമന്യു ഈശ്വരന്‍
ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ബാക്ക് അപ്പ് ഓപ്പണറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അഭിമന്യു. മക്കെയിലെ തന്റെ 100-ാം ഫസ്റ്റ് ക്ലാസ് മത്സരമാണ് താരം കളിക്കുക. 49.92 ശരാശരിയില്‍ 27 സെഞ്ചുറികളുടെ അകമ്പടിയോടെ 7638 റണ്‍സാണ് സമ്പാദ്യം. തന്റെ അവസാന ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഒരു ഇരട്ട സെഞ്ചുറി ഉള്‍പ്പെടെ നാല് സെഞ്ചുറി താരം നേടി. രോഹിത്തിന് ശേഷം ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന താരവും അഭിമന്യു ആയിരിക്കും.
നിതീഷ് കുമാര്‍ റെഡ്ഡി
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ഇന്ത്യയുടെ 18 അംഗ ടീമില്‍ 21-കാരനായ നിതീഷ് കുമാര്‍ റെഡ്ഡി ഇടംപിടിച്ചിരുന്നു. ഇന്ത്യ എ ടീമിനൊപ്പം ഓസീസ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നതാണ് നിതീഷിന്റെ ആദ്യ വെല്ലുവിളി. ആന്ധ്രാ ഓള്‍റൗണ്ടര്‍ കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരെ തന്റെ ടി20 അരങ്ങേറ്റം നടത്തിയിരുന്നു. 34 പന്തില്‍ 74 റണ്‍സെടുത്ത താരം ഏഴ് സിക്സുകളും പറത്തി. മത്സരത്തില്‍ നിതീഷ് രണ്ട് വിക്കറ്റും വീഴ്ത്തി. രഞ്ജി ട്രോഫിയിലെ കഴിഞ്ഞ രണ്ട് സീസണുകളില്‍ 50-ലധികം വിക്കറ്റുകള്‍ നേടി ആന്ധ്രയുടെ മുന്‍നിര പേസറായി ഉയര്‍ന്നു. ഒരു പേസ് ഓള്‍റൗണ്ടറെയാണ് ടീം ഇന്ത്യ ഒരുക്കിയെടുക്കുന്നത്.
നവദീപ് സൈനി
പരിക്കുകള്‍ വേട്ടയാടുന്ന താരമാണ് നവദീപ് സൈനി. ദുലീപ് ട്രോഫിയില്‍ ആദ്യം ശ്രദ്ധിക്കപ്പെടാതെ പോയ സൈനി, പിന്നീട് 14 വിക്കറ്റ് വീഴ്ത്തി. 2020-21ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയ്ക്കായി കളിച്ചിരുന്നു സൈനി. ടെസ്റ്റ് സ്‌ക്വാഡിലേക്ക് മടങ്ങിവരാന്‍ ഷമി പരാജയപ്പെട്ടാല്‍, മാനേജ്മെന്റിന്റെ റഡാറിലെ ആദ്യത്തെ താരം സൈനി ആയിരിക്കും.
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീം
റുതുരാജ് ഗെയ്ക്വാദ് (വിക്കറ്റ് കീപ്പര്‍), അഭിമന്യു ഈശ്വരന്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ദേവദത്ത് പടിക്കല്‍ , റിക്കി ഭുയി, ബാബ ഇന്ദ്രജിത്ത്, ഇഷാന്‍ കിഷന്‍ (ംസ), അഭിഷേക് പോറെല്‍ (ംസ), മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ് , യാഷ് ദയാല്‍, നവ്ദീപ് സൈനി, മാനവ് സുത്താര്‍, തനുഷ് കൊട്ടിയാന്‍.