വിനീഷ്യസ് കാത്തിരിക്കണം, റോഡ്രിക്ക് ബലോന്‍ ദ് ഓര്‍ പുരസ്‌കാരം! മാര്‍ട്ടിനെസ് മികച്ച ഗോള്‍ കീപ്പര്‍
ബാര്‍സിലോണയുടെ മിഡ്ഫീല്‍ഡര്‍ അയ്റ്റാന ബോണ്‍മറ്റി ഇത്തവണയും മികച്ച വനിതാ താരത്തിനുള്ള ബലോന്‍ ദ് ഓര്‍ ഫെമിനിന്‍ പുരസ്‌കാരം നേടി.
സൂറിച്ച്: മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്‌കാരം ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ റോഡ്രിക്ക്. കഴിഞ്ഞ സീസണില്‍ ക്ലബ്ബിനായും യൂറോ കപ്പില്‍ സ്‌പെയിനിനായും പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച ലോക ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം റോഡ്രിയെ തേടിയെത്തിയത്. പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന റോഡ്രി ക്രച്ചസിലാണ് പുരസ്‌കാരവേദിയിലെത്തിയത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെന്ന നിലയില്‍ സ്‌പെയിനെ യൂറോ കപ്പ് ജേതാക്കളാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റോഡ്രി ടൂര്‍ണമെന്റിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ സിറ്റി തുടര്‍ച്ചയായ നാലാം തവണയും ജേതാക്കളായപ്പോഴും റോഡ്രിയുടെ പങ്കു പ്രധാനപ്പെട്ടതായിരുന്നു.
ബാര്‍സിലോണയുടെ മിഡ്ഫീല്‍ഡര്‍ അയ്റ്റാന ബോണ്‍മറ്റി ഇത്തവണയും മികച്ച വനിതാ താരത്തിനുള്ള ബലോന്‍ ദ് ഓര്‍ ഫെമിനിന്‍ പുരസ്‌കാരം നേടി. വനിതാ ചാംപ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലും ബാര്‍സിലോണ കിരീടം നിലനിര്‍ത്തിയതില്‍ ബോണ്‍മറ്റി നിര്‍ണായക പങ്കു വഹിച്ചിരുന്നു. മികച്ച യുവതാരത്തിനുള്ള ട്രോഫി ബാര്‍സിലോണയുടെ സ്പാനിഷ് താരം ലമീന്‍ യമാല്‍ സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങള്‍ക്കു നല്‍കുന്ന ഈ പുരസ്‌കാരം നേടുന്ന 18 വയസിന് താഴെയുള്ള ആദ്യത്തെ താരമാണ് പതിനേഴുകാരനായ യമാല്‍. 1987ലെ ബലോന്‍ ദ് ഓര്‍ ജേതാവു കൂടിയായ ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം റൂഡ് ഗുള്ളിറ്റാണ് യമാലിന് പുരസ്‌കാരം സമ്മാനിച്ചത്.
മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ പുരസ്‌കാരം ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് നിലനിര്‍ത്തി. അര്‍ജന്റീനയെ ലോകചാംപ്യന്‍മാരാക്കുന്നതില്‍ മെസ്സിക്കൊപ്പം നിര്‍ണായക പങ്കുവഹിച്ച എമിലിയാനോ മാര്‍ട്ടിനസാണ് കഴിഞ്ഞ തവണയും മികച്ച ഗോള്‍കീപ്പറിനുള്ള ലെവ് യാഷിന്‍ പുരസ്‌കാരം നേടിയത്. കോപ്പ അമേരിക്ക കിരീടം ഉള്‍പ്പെടെ നേടുന്നതില്‍ വഹിച്ച പങ്കാണ് പുരസ്‌കാരം വീണ്ടും സ്വന്തമാക്കാന്‍ താരത്തിന് തുണയായത്.
ലഖ്‌നൗവിനെ നിക്കോളാസ് പുരാന്‍ നയിക്കും! രാഹുലിനെ ഒഴിവാക്കിയേക്കും, നിലനിര്‍ത്തുന്ന താരങ്ങളെ അറിയാം
ബയണ്‍ മ്യൂണിക്കിന്റെ ഇംഗ്ലിഷ് സൂപ്പര്‍താരം ഹാരി കെയ്ന്‍, കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും നിലവില്‍ സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിനും കളിക്കുന്ന ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെ എന്നിവര്‍ മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗേര്‍ഡ് മുള്ളര്‍ പുരസ്‌കാരം പങ്കിട്ടു. കഴിഞ്ഞ സീസണില്‍ 52 ഗോള്‍ വീതം നേടിയാണ് ഇരുവരും പുരസ്‌കാരം പങ്കിട്ടത്. പുരുഷ ഫുട്‌ബോളില്‍ മികച്ച പരിശീലകനുള്ള യൊഹാന്‍ ക്രൈഫ് പുരസ്‌കാരം റയല്‍ മഡ്രിഡിന്റെ പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടി സ്വന്തമാക്കി.
കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗ്, ലാ ലിഗ കിരീടങ്ങള്‍ സ്വന്തമാക്കിയ റയല്‍ മഡ്രിഡാണ് പുരുഷ വിഭാഗത്തില്‍ മികച്ച ക്ലബ്. വിനീസ്യൂസ് ജൂനിയറിന് ബലോന്‍ ദ് ഓര്‍ പുരസ്‌കാരമില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌കരിച്ചതിനാല്‍ റയല്‍ മഡ്രിഡില്‍നിന്ന് ആരും പുരസ്‌കാരം ഏറ്റുവാങ്ങാന്‍ എത്തിയില്ല.