മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ പാകിസ്ഥാന്റെ 'പൂഴികടകന്‍'; റാവല്‍പിണ്ടിയില്‍ പന്ത് കുത്തിത്തിരിയും
രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്റെ വിജയത്തിന് കാരണം സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി ഒരുക്കിയ പിച്ചാണ്.
റാവല്‍പിണ്ടി: വ്യാഴാഴ്ച്ചയാണ് ഇംഗ്ലണ്ട് - പാകിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും 1-1ന് ഒപ്പത്തിനൊപ്പാണ്. മുള്‍ട്ടാനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഗംഭീര വിജയം സ്വന്തമാക്കിയിരുന്നു. പിന്നാലെ പാകിസ്ഥാന്‍ ടീം അഴിച്ചുപണിതിരുന്നു. മുള്‍ട്ടാനില്‍ തന്നെ നടന്ന രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ 152 റണ്‍സിന് ജയിക്കുകയും ചെയ്തു. പരമ്പര സ്വന്തമാക്കാനാണ് പാകിസ്ഥാന്‍ വ്യാഴാഴ്ച്ച റാവല്‍പിണ്ടില്‍ ഇറങ്ങുന്നത്. നേരത്തെ ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടിരുന്നു പാകിസ്ഥാന്‍. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ് ജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്.
രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്റെ വിജയത്തിന് കാരണം സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി ഒരുക്കിയ പിച്ചാണ്. വലംകയ്യന്‍ ഓഫ് ബ്രേക്ക് ബൗളര്‍ സാജിദ് ഖാനും ഇടങ്കയ്യന്‍ സ്പിന്നര്‍ നൊമാന്‍ അലിയുമാണ് കളിയില്‍ വീണ ഇംഗ്ലണ്ടിന്റെ 20 വിക്കറ്റുകളും പങ്കിട്ടെടുത്തത്. അതുകൊണ്ടുതന്നെ റാവല്‍പിണ്ടിയില്‍ സമാനമായ പിച്ച് ഒരുക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്‍പര്യപ്പെടുന്നത്. പിസിബി പിച്ച് ക്യൂറേറ്റര്‍മാര്‍ അതിന് വേണ്ടിയുള്ള എല്ലാ പ്രയത്‌നങ്ങളും നടത്തുന്നുണ്ട്.
മൂന്നാം ടെസ്റ്റിന് മുന്നോടിയായി പിച്ച് വരണ്ടതാക്കാനും സ്പിന്നിനെ സഹായിക്കുന്നതാക്കാനും വിവിധ സാങ്കേതി വിദ്യകളാണ് ഉപയോഗിക്കുന്നത്. ഹീറ്ററുകളും രണ്ട് വലിയ ഫാനുകളും മറ്റുമാണ് ക്യൂറേറ്റര്‍മാര്‍ ഉപയോഗിക്കുന്നത്. റാവല്‍പിണ്ടിയില്‍ ഒരു സ്പിന്‍ ട്രാക്ക് ഒരുക്കുമ്പോള്‍ പിസിബി വിജയമല്ലാതെ മറ്റൊന്നും മുന്നില്‍ കാണുന്നുണ്ടാവില്ല.
മുള്‍ട്ടാനില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 153 റണ്‍സിന്റെ വമ്പന്‍ ജയമാണ് സ്വന്തമാക്കിയത്. 297 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം 144 റണ്‍സിന് ഓള്‍ ഔട്ടായി. ആദ്യ ഇന്നിംഗ്‌സിലേതിന് സമാനമായി ഇംഗ്ലണ്ടിന്റെ മുഴുവന്‍ വിക്കറ്റുകളും പങ്കിട്ടെടുത്ത നോമാന്‍ അലിയും സാജിദ് ഖാനുമാണ് പാകിസ്ഥാന് ജയമൊരുക്കിയത്. 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.