Asianet News MalayalamAsianet News Malayalam

ഉച്ചഭക്ഷണത്തിന് മുമ്പ് കളി തീര്‍ത്ത് ന്യൂസിലന്‍ഡ്! ഇന്ത്യയെ ചിന്നസ്വാമിയില്‍ തീര്‍ത്തു, ജയം എട്ട് വിക്കറ്റിന്

ഇന്ത്യയില്‍ ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍: ഇന്ത്യ 46, 462 & ന്യൂസിലന്‍ഡ് 402, 108.

new zealand won over india by eight wickets in bengaluru test
Author
First Published Oct 20, 2024, 12:31 PM IST | Last Updated Oct 20, 2024, 1:55 PM IST

ബെംഗളൂരു: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് എട്ട് വിക്കറ്റ് ജയം. 107 റണ്‍സ് വിജയലക്ഷ്യവുമായി ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റിംഗിനെത്തിയ ന്യൂസിലിന്‍ഡ് രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ആദ്യ സെഷനില്‍ തന്നെ ന്യൂസിലന്‍ഡ് കളി തീര്‍ത്തു. രചിന്‍ രവീന്ദ്ര (39), വില്‍ യംഗ് (45) എന്നിവരാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. ജസ്പ്രിത് ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഇന്ത്യയില്‍ ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍: ഇന്ത്യ 46, 462 & ന്യൂസിലന്‍ഡ് 402, 108. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലെത്തി.

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന് അത്ര മികച്ച തുടക്കമായിരുന്നില്ല. 35 റണ്‍സിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ ടോം ലാഥം (0), ഡെവോണ്‍ കോണ്‍വെ (17) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഇരുവരും.  എന്നാല്‍ യംഗ് - രചിന്‍ സഖ്യം പിടിച്ചുനിന്നതോടെ കിവീസ് അനായാസ ജയം സ്വന്തമാക്കി. ഇരുവരും 72 റണ്‍സ് കൂട്ടിചേര്‍ത്തു. 356 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ സര്‍ഫറാസ് ഖാന്റെയും (150) റിഷഭ് പന്തിന്റെയും (99) ഗംഭീര ഇന്നിംഗ്‌സിലൂടെ പൊരുതിയെങ്കിലും നാലാം ദിനം ചായക്കുശേഷം 462 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

പന്തും സര്‍ഫറാസും ചേര്‍ന്ന് 177 റണ്‍സ് കൂട്ടുകെട്ടിലൂടെ 408 റണ്‍സിലെത്തിച്ചു. 150 റണ്‍സെടുത്ത സര്‍ഫറാസ് മടങ്ങിയതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. 99 റണ്‍സെടുത്ത റിഷഭ് പന്ത് സ്‌കോര്‍ 433ല്‍ നില്‍ക്കെ വില്യം ഔറൂക്കെയുടെ പന്തില്‍ ബൗള്‍ഡായപ്പോള്‍ 12 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ ഔറൂക്കെ വിക്കറ്റിന് പിന്നില്‍ ടോം ബ്ലണ്ടലിന്റെ കൈകളിലെത്തിച്ചു. രവീന്ദ്ര ജഡേജയെകൂടി(5) മടക്കി ഔറൂക്കെ ഇന്ത്യയുടെ നടുവൊടിച്ചപ്പോള്‍ പ്രതീക്ഷ നല്‍കിയ അശ്വിനെ (15) മാറ്റ് ഹെന്റി മടക്കി. ബുമ്രയെയയും(0), മൊഹമ്മദ് സിറാജിനെയും(0) വീഴ്ത്തിയ ഹെന്റി തന്നെ ഇന്ത്യയുടെ വാലരിഞ്ഞു. 

ഓരോ മത്സരം കഴിഞ്ഞാല്‍ മടങ്ങാം! ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യക്ക് പാകിസ്ഥാന് പുതിയ നിര്‍ദേശം

കുല്‍ദീപ് യാദവ് ആറ് റണ്‍സുമായി പുറത്താകാതെ നിന്നു. 54 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്. കിവീസിനയി മാറ്റ് ഹെന്റിയും വില്യം ഔറൂക്കെയും മന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു.ഗ്ലെന്‍ ഫിലിപ്‌സും ടിം സൗത്തിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 200ന് മുകളില്‍ വിജയലക്ഷ്യം കുറിച്ച് കിവീസിനെ വെല്ലുവിളിക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ കൂട്ടത്തകര്‍ച്ചയോടെ ഇല്ലാതായി.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് കേവലം 46 റണ്‍സിന് അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റി, നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൗര്‍ക്കെ എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 20 റണ്‍സ് നേടിയ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്രയുടെ സെഞ്ചുറി കരുത്തില്‍ ആദ്യ ഇന്നിംഗ്‌സില്‍ 402 റണ്‍സ് നേടിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios