ഹാര്‍ദിക്കിന് കൂവല്‍ ഉറപ്പ്! ഒന്നാമതെത്താന്‍ സഞ്ജുവും സംഘവും ഇന്ന് വാംഖഡേയില്‍! ആദ്യ പോയിന്‍റ് കൊതിച്ച് മുംബൈ
ആദ്യ മത്സരത്തില്‍ തിളങ്ങിയ സഞ്ജുവിലും പ്രതീക്ഷകളേറെ. ഓപ്പണര്‍മാരായ ജോസ്ബട്‌ലറും യശ്വസി ജയ്‌സ്വാളും ഫോം കണ്ടെത്തിയാല്‍ മുംബൈയ്ക്ക് രാജസ്ഥാനെ പിടിച്ചുകെട്ടുക വെല്ലവിളിയാകും.
മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയത്തിലാ മത്സരം. തുടര്‍ച്ചയായ മൂന്നാം ജയം തേടിയാണ് സഞ്ജുവിന്റെ രാജസ്ഥാന്‍ ഇന്ന് മുംബൈക്കെതിരെ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനേയും ഡല്‍ഹി കാപിറ്റല്‍സിനേയും തകര്‍ത്തു. രണ്ട് മത്സരങ്ങളിലും തിളങ്ങിയ റിയാന്‍ പരാഗാണ് രാജസ്ഥാന്റെ് തുറപ്പുചീട്ട്. ഡല്‍ഹിക്കെതിരെ പുറത്താകാതെ 84 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
ആദ്യ മത്സരത്തില്‍ തിളങ്ങിയ സഞ്ജുവിലും പ്രതീക്ഷകളേറെ. ഓപ്പണര്‍മാരായ ജോസ്ബട്‌ലറും യശ്വസി ജയ്‌സ്വാളും ഫോം കണ്ടെത്തിയാല്‍ മുംബൈയ്ക്ക് രാജസ്ഥാനെ പിടിച്ചുകെട്ടുക വെല്ലവിളിയാകും. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ധ്രുവ് ജുറലും ഹിറ്റ്‌മെയറും. ട്രെന്‍ഡ് ബോള്‍ട്ട് നയിക്കുന്ന ബൗളിംഗ് നിരയും രാജസ്ഥാന് കരുത്തേകുന്നു. നാന്ദ്രെ ബര്‍ഗറും ആവേശ് ഖാനുമൊക്കെ ആദ്യ മത്സരങ്ങളില്‍ തന്നെ മികവ് പുറത്തെടുത്തു.
മുംബൈ അവരുടെ ഹോം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. വാംഖഡെ സ്റ്റേഡിയത്തില്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹര്‍ദിക്കും കൂട്ടരും. ഹൈദരബാദിനോട് റെക്കോര്‍ഡ് റണ്‍സ് വാങ്ങികൂട്ടിയ മുംബൈ ബൗളര്‍മാരെ രാജസ്ഥാനും പഞ്ഞികിടുമോ എന്ന് കണ്ടറിയണം. ഹോം ഗ്രൗണ്ടിലും ജയിക്കാനായില്ലെങ്കില്‍ നായകന്‍ ഹര്‍ദിക്കെനെതിരെ കലാപകൊടി ഉയരുമെന്ന് ഉറപ്പ്. രോഹിത് ശര്‍മയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ മുംബൈ ആരാധകരുടെ പ്രതിഷേധം വാംഖഡേയിലും കണ്ടേക്കാം.
നായകനെന്ന നിലയില്‍ ഹര്‍ദിക്കെടുക്കുന്ന തീരുമാനങ്ങളാണ് ആദ്യ രണ്ട് മത്സരങ്ങളിലെയും തോല്‍വിക്ക് കാരണമെന്ന് ഇതിനോടകം ആരാധകര്‍ പറഞ്ഞു തുടങ്ങി. ഹൈദരാബാദിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത തിലക് വര്‍മയിലാണ് മുംബൈയുടെ പ്രതീക്ഷ. രോഹിതും ഇഷാനും ടിം ഡേവിഡും ഫോം കണ്ടെത്തിയിട്ടുണ്ട്. സൂര്യകൂമാര്‍ യാദവിന്റെ തിരിച്ചുവരവ് വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജസ്പ്രിത് നയിക്കുന്ന ബൗളിംഗ് യൂണിറ്റും മികവ് പുറത്തെടുക്കേണ്ടി വരും.