'ധോണി എന്‍റെ ശസ്ത്രക്രിയയുടെ ചിലവ് വഹിക്കാമെന്ന് പറഞ്ഞു'; പിച്ച് കയ്യേറിയ ആരാധകന്‍റെ വെളിപ്പെടുത്തല്‍
എം എസ് ധോണിയെ കാണാന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങിയ ആരാധകനാണ് ഇദേഹം
അഹമ്മദാബാദ്: ഐപിഎല്‍ 2024ല്‍ അഹമ്മദാബാദില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ ഒരു ആരാധകന്‍ പിച്ച് കയ്യേറി സിഎസ്‌കെ സൂപ്പര്‍ താരം എം എസ് ധോണിക്ക് അരികിലെത്തിയിരുന്നു. ധോണിയുടെ അടുത്തെത്തി ഇയാള്‍ 'തല'യുമായി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഈ ആരാധകനിപ്പോള്‍ ധോണിയെ കുറിച്ച് വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്.
മെയ് 10-ാം തിയതി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് എം എസ് ധോണിയെ കാണാന്‍ ആരാധകന്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിറങ്ങിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ആരാധകന്‍ പറയുന്നത് ധോണി പിച്ചില്‍ വച്ച് തനിക്കൊരു ഉറപ്പ് നല്‍കിയെന്നാണ്. ധോണി ഇയാളുമായി സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. പിച്ചിലേക്ക് ഓടിയെത്തിയ ആരാധകന്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഇത് മനസിലാക്കി ധോണി, തന്‍റെ ശസ്ത്രക്രിയയുടെ ചിലവ് വഹിക്കാമെന്ന് വാക്കുതന്നു എന്നാണ് ഇപ്പോള്‍ ആരാധകന്‍റെ അവകാശവാദം.
'ഞാന്‍ ധോണിയുടെ കാല്‍പാദത്തില്‍ വന്ദിച്ചു. അദേഹമൊരു ഇതിഹാസമാണ്. എന്‍റെ കണ്ണുകള്‍ നിറഞ്ഞു. എന്തുകൊണ്ട് ഇത്ര ബുദ്ധിമുട്ടി ശ്വാസമെടുക്കേണ്ടിവരുന്നത് എന്ന് ധോണി എന്നോട് ആരാഞ്ഞു. ഞാന്‍ സുരക്ഷാവേലി ചാടിക്കടന്നാണ് മൈതാനത്തിറങ്ങിയത്. എന്‍റെ മൂക്കിന് ഒരു പ്രശ്‌നമുള്ള കാര്യം ഞാന്‍ ധോണിയോട് പറഞ്ഞു. പേടിക്കേണ്ട, എന്‍റെ സര്‍ജറിയുടെ കാര്യം ഞാന്‍ നോക്കിക്കോളാമെന്ന് ധോണി പറഞ്ഞു'- എന്നും ആരാധകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഐപിഎല്‍ 2023 സീസണിനൊടുവില്‍ വിരമിക്കല്‍ പ്രഖ്യാപിക്കാതിരുന്ന എം എസ് ധോണിക്ക് ഈ സീസണില്‍ ഗംഭീര സ്വീകരണമാണ് എല്ലാ വേദികളിലും ആരാധകരുടെ ഭാഗത്ത് നിന്ന് കിട്ടിയത്. കാല്‍മുട്ടിലെ പരിക്ക് വകവെക്കാതെ ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി എല്ലാ മത്സരങ്ങളിലും ഐപിഎല്‍ 2024ല്‍ ഇറങ്ങി. സിഎസ്‌കെയുടെ ഹോം വേദിയായ ചെന്നൈയിലെ ചെപ്പോക്ക് അക്ഷാരാര്‍ഥത്തില്‍ തല ഫാന്‍സിന്‍റെ തറവാടായി മാറിയിരുന്നു.
Read more: ഛേത്രിയുടെ ഏറ്റവും ഭാഗ്യംചെയ്‌ത ആരാധകന്‍; അമൂല്യം സമ്മാനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം