മൈക് ഹസി കൊവിഡ് മുക്തന്‍; ചെന്നൈയില്‍ ക്വാറന്റീനില്‍ തുടരും
ദില്ലിയില്‍ നിന്ന് ചെന്നൈയിലേക്ക എയര്‍ അംബുലന്‍സ് വഴി യാത്ര ചെയ്യുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഹസിയുടെ പരിശോധന ഫലം നെഗറ്റീവായത്. ചെന്നൈ സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദില്ലി: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിങ് പരിശീലകന്‍ മൈക് ഹസിയുടെ കൊവിഡ് പരിശോധഫലം നെഗറ്റീവായി. എന്നാല്‍ അദ്ദേഹം ഒരാഴ്ച്ച കൂടി ചെന്നൈയില്‍ ക്വാറന്റീനില്‍ കിടക്കും. ശേഷം നാട്ടിലേക്ക് തിരിക്കും. ദില്ലിയില്‍ നിന്ന് ചെന്നൈയിലേക്ക എയര്‍ അംബുലന്‍സ് വഴി യാത്ര ചെയ്യുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് ഹസിയുടെ പരിശോധന ഫലം നെഗറ്റീവായത്. ചെന്നൈ സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോച്ച് സ്റ്റീഫന്‍ ഫ്‌ളമിംഗ് നാളെ നാട്ടിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐപിഎല്‍ കളിച്ച ഓസ്‌ട്രേലിയന്‍ താരങ്ങളും മറ്റ് കോച്ചിംഗ് സ്റ്റാഫുകളും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചിരുന്നു. എന്നാല്‍, മെയ് 15 വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മാലദ്വീപില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുക. അടുത്ത ടെസ്റ്റ് കൂടി നെഗറ്റീവായാല്‍ ഹസിക്കും ഇവര്‍ക്കൊപ്പം ചേരാം.
പതിനാല് താരങ്ങള്‍ ഉള്‍പ്പടെ നാല്‍പത് പേരാണ് ഓസീസ് സംഘത്തിലുള്ളത്. താരങ്ങള്‍ ഉള്‍പ്പടെയുള്ളവരെ പ്രത്യേക വിമാനത്തില്‍ സുരക്ഷിതമായി മാലദ്വീപില്‍ എത്തിച്ച ബിസിസിഐയോട് ക്രിക്കറ്റ് ഓസ്ട്രേലിയ നന്ദി അറിയിച്ചു. താരങ്ങളുടെ മടക്കയാത്രയ്ക്കായി സര്‍ക്കാരിനോട് പ്രത്യേക ഇളവുകളൊന്നും ആവശ്യപ്പെടില്ലെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ് താരങ്ങളും നാട്ടിലേക്ക് മടങ്ങിയിരുന്നു. ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, വിന്‍ഡീസ് താരങ്ങള്‍ക്ക് മുംബൈ ഇന്ത്യന്‍സാണ് പ്രത്യേക വിമാനങ്ങള്‍ തയ്യാറാക്കിയത്. ബാംഗ്ലാദേശ് താരങ്ങളായ മുസ്തഫിസുര്‍ റഹ്‌മാനും ഷാകിബ് അല്‍ ഹസനും നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.