രാജസ്ഥാന്‍ കൈവിട്ട ജോസ് ബട്‌ലര്‍ അടിയോടടി! ടീമില്‍ പോലും ഇടമില്ലാതെ ഹെറ്റ്‌മെയര്‍, കയ്യൊഴിഞ്ഞത് മണ്ടത്തരം?

ദീര്‍ഘനാള്‍ പരിക്കിന്റെ പിടിയിലായിരുന്ന ബട്‌ലര്‍ കഴിഞ്ഞ ദിവസാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയത്.

jos buttler back to form in t20 after rajasthan royals dropped him

മുംബൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറെ ഒഴിവാക്കിയിരുന്നു. ഇംഗ്ലീഷ് ഓപ്പണറെ കൈവിട്ടതിന് പിന്നലെ വലിയ വിമര്‍ശനങ്ങളാണ് ഫ്രാഞ്ചൈസിക്കെതിരെ ഉയര്‍ന്നത്. ആറ് താരങ്ങളെ നിലനിര്‍ത്തിയതിനാല്‍ ലേലത്തില്‍ ബട്ലര്‍ക്കു വേണ്ടി ആര്‍ടിഎം ഉപയോഗിക്കാനും രാജസ്ഥാന് സാധിക്കില്ല. ഇംഗ്ലണ്ടിന്റെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കൂടിയായ ബട്ലറെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐപിഎല്ലിന് വിടില്ലെന്ന കാരണത്തിന്റെ പുറത്താണ് രാജസ്ഥാന്‍ നിലനിര്‍ത്താതിരുന്നതും.

ദീര്‍ഘനാള്‍ പരിക്കിന്റെ പിടിയിലായിരുന്ന ബട്‌ലര്‍ കഴിഞ്ഞ ദിവസാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയിലാണ് ബട്‌ലര്‍ തിരിച്ചെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ബട്‌ലര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ ബട്‌ലര്‍ പുറത്താവുകയായിരുന്നു. എന്നാല്‍ രണ്ടാം ടി20യില്‍ കൂടി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബട്‌ലര്‍. 45 പന്തില്‍ 83 റണ്‍സാണ് ബട്‌ലര്‍ അടിച്ചെടുത്തത്. മത്സരത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിക്കുകയും ചെയ്തു. വിന്‍ഡീസ് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.

ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറുടെ ഇന്നിംഗ്‌സ്. ബട്‌ലര്‍ പരിക്ക് മാറി ഫോമിലേക്ക് എത്തിയതോടെ രാജസ്ഥാന്‍ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. ഇത്തരമൊരു ഫോമില്‍ കളിക്കുന്ന താരത്തെ ഒഴിവാക്കിയത് മണ്ടത്തരമെന്ന് ചില ആരാധകര്‍ പറയുന്നു. മാത്രമല്ല, രാജസ്ഥാന്‍ നിലനിര്‍ത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറും ചര്‍ച്ചയുടെ ഭാഗമാണ്. ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ ഗോള്‍ഡന്‍ ഡക്കായ ഹെറ്റ്‌മെയര്‍ക്ക് രണ്ടാം ടി20ക്കുള്ള അവസരം ലഭിച്ചില്ല. 11 കോടി നല്‍കി താരത്തെ നിലനിര്‍ത്തേണ്ടായിരുന്നുവെന്ന് രാജസ്ഥാന്‍ ആരാധകര്‍ തന്നെ അന്ന് പറഞ്ഞിരുന്നു.

രാജസ്ഥാന്‍ കൈവിട്ടതിന് പിന്നാലെ ബട്‌ലര്‍ ആരാധകരോട് നന്ദി പറഞ്ഞിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലിട്ട പോസ്റ്റില്‍ പറയുന്നതിങ്ങനെ... ''കഴിഞ്ഞത് അവസാനത്തെ സീസണാണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നന്ദി. 2018ലാണ് ഞാന്‍ രാജസ്ഥാനൊപ്പം എത്തുന്നത്. എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ് അത്. 7 അവിശ്വസനീയമായ സീസണുകള്‍ പൂര്‍ത്തിയാക്കി. എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകള്‍ പിങ്ക് ഷര്‍ട്ടിലാണ് പിറന്നത്. എന്നെയും എന്റെ കുടുംബത്തെയും ഇരു കൈകളും നീട്ടി സ്വീകരിച്ചതിന് നന്ദി. പിന്നീട് ഒരുപാട് എഴുതാം.'' ബട്ലര്‍ കുറിച്ചിട്ടു. ബട്‌ലറെ താരലേലത്തില്‍ രാജസ്ഥാന്‍ തിരിച്ചെടുക്കുമോ എന്നുള്ള കാര്യം കണ്ടറിയണം.

Latest Videos
Follow Us:
Download App:
  • android
  • ios