IPL 2022 : ചുമ്മാ തീ! ഇത് ഹാട്രിക് ചഹലിസം- വീഡിയോ
രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 218 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ നായകന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിംഗില്‍ കൊല്‍ക്കത്ത വിജപ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ് ചാഹല്‍ തന്‍റെ അവസാന ഓവര്‍ എറിയാനെത്തിയത്
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) യുസ്‌വേന്ദ്ര ചാഹലിന്‍റെ (Yuzvendra Chahal) ദിനമായിരുന്നു ഇന്നലെ. രാജസ്ഥാന്‍ റോയല്‍സിന്‍റെ (Rajasthan Royals) ഹിമാലന്‍ സ്‌കോര്‍ ചേസ് ചെയ്‌ത് വിജയിക്കാമെന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെയും (Kolkata Knight Riders) നായകന്‍ ശ്രേയസ് അയ്യരുടേയും (Shreyas Iyer) പ്രതീക്ഷകള്‍ ബൗള്‍ഡാക്കിയത് ചാഹലായിരുന്നു. അതും ഹാട്രിക് അടക്കം ഒരോവറില്‍ നാല് വിക്കറ്റുകളും മത്സരത്തിലാകെ അഞ്ച് വിക്കറ്റ് നേട്ടവും കീശയിലാക്കിക്കൊണ്ട്. മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ചാഹലായിരുന്നു.
കൊല്‍ക്കത്തയെ കറക്കിയിട്ട ചാഹല്‍
രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 218 റണ്‍സ് വിജയലക്ഷ്യം പിന്തുടരവേ നായകന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിംഗില്‍ കൊല്‍ക്കത്ത വിജപ്രതീക്ഷയില്‍ നില്‍ക്കുമ്പോഴാണ് ചാഹല്‍ തന്‍റെ അവസാന ഓവര്‍ എറിയാനെത്തിയത്. കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ 17-ാം ഓവര്‍ കൂടിയായിരുന്നു ഇത്. ചാഹല്‍ പന്തെടുക്കുമ്പോള്‍ 178-4 എന്ന അതിശക്തമായ നിലയിലായിരുന്നു കെകെആര്‍. ശ്രേയസ് അയ്യര്‍ അയ്യര്‍ 50 പന്തില്‍ 85 ഉം വെങ്കടേഷ് അയ്യര്‍ 6 പന്തില്‍ ആറ് റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.
ആദ്യ പന്തില്‍ വെങ്കടേഷ് അയ്യരെ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്‌തപ്പോള്‍ അടുത്ത പന്തില്‍ റണ്‍സൊന്നു പിറന്നില്ല. പിന്നാലെ ഷെല്‍ഡന്‍ ജാക്‌സിന്‍റെ വക ഒരു റണ്‍. തൊട്ടടുത്ത പന്ത് ശ്രേയസ് അയ്യര്‍ക്കെതിരെ ചാഹല്‍ വൈഡ് എറിഞ്ഞു. വീണ്ടും എറിഞ്ഞപ്പോള്‍ ശ്രേയസ് എല്‍ബിയില്‍ കുടുങ്ങി. 51 പന്തില്‍ 85 റണ്‍സെടുത്താണ് കെകെആര്‍ നായകന്‍ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ ശിവം മാവി ഗോള്‍ഡന്‍ ഡക്കായി. റിയാന്‍ പരാഗിനായിരുന്നു ക്യാച്ച്. അവസാന പന്തില്‍ പാറ്റ് കമ്മിന്‍സും ഗോള്‍ഡന്‍ ഡക്കായി. ഇത്തവണ സഞ്ജു ക്യാച്ചെടുത്തു. ഇതോടെ ചാഹല്‍ ഒരേ ഓവറില്‍ ഹാട്രിക്കും നാല് വിക്കറ്റും പേരിലാക്കി. നേരത്തെ കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ 13-ാം ഓവറിലെ അവസാന പന്തില്‍ നിതീഷ് റാണയെ പുറത്താക്കിയിരുന്ന ചാഹല്‍ അഞ്ച് വിക്കറ്റ് തികയ്‌ക്കുകയും ചെയ്‌തു.
ചാഹലിന്‍റെ ഹാട്രിക് കാണാന്‍ ക്ലിക്ക് ചെയ്യുക
ഇതോടെ പ്രതിരോധത്തിലായ കൊല്‍ക്കത്തയ്‌ക്കായി 9 പന്തില്‍ 21 റണ്‍സെടുത്ത ഉമേഷ് യാദവ് വെടിക്കെട്ട് പുറത്തെടുത്തെങ്കിലും വിജയം രാജസ്ഥാന് ഒപ്പം നിന്നു. കൊൽക്കത്തയുടെ പോരാട്ടം 19.4 ഓവറില്‍ 210 റണ്‍സില്‍ അവസാനിച്ചു. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 217 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് രാജസ്ഥാന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 61 പന്തില്‍ അഞ്ച് സിക്‌സും ഒമ്പത് ഫോറും സഹിതം 103 റണ്‍സ് ബട്‌ലര്‍ നേടി. സീസണില്‍ ബട്‌ലറിന്‍റെ രണ്ടാം സെഞ്ചുറിയാണിത്. നായകൻ സഞ്ജു സാംസണ്‍ 19 പന്തില്‍ 38 റണ്‍സ് നേടി.