IPL 2022 : തിരിച്ചുവരവില്‍ കൊല്‍ക്കത്തയെ കടപുഴക്കുമോ ഹൈദരാബാദ്; കണക്കും സാധ്യതകളും
സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും 21 മത്സരങ്ങളിലാണ് ഇതുവരെ മുഖാമുഖം വന്നിട്ടുള്ളത്
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (SRH vs KKR) പോരാട്ടമാണ്. പതിനഞ്ചാം സീസണിലെ മൂന്നാം വിജയം ഹൈദരാബാദ് (Sunrisers Hyderabad) ലക്ഷ്യമിടുമ്പോള്‍ നാലാം ജയമാണ് കൊല്‍ക്കത്ത (Kolkata Knight Riders) ഉന്നമിടുന്നത്. ഇരു ടീമുകളും തമ്മിലുള്ള മുന്‍ പോരാട്ടങ്ങളുടെ ചരിത്രം പരിശോധിക്കാം.
കണക്കുകളില്‍ കേമനാര്?
സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും 21 മത്സരങ്ങളിലാണ് ഇതുവരെ മുഖാമുഖം വന്നിരിക്കുന്നത്. ഇതില്‍ 14 ജയങ്ങള്‍ കെകെആറിനൊപ്പമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. അതേസമയം സണ്‍റൈസേഴ്‌സിന്‍റെ ആഹ്‌ളാദം ഏഴിലൊതുങ്ങി. കൊല്‍ക്കത്തയുടെ ശരാശരി സ്‌കോര്‍ 152 എങ്കില്‍ ഹൈദരാബാദിന്‍റേത് 156. അവസാന അഞ്ച് മത്സരങ്ങളില്‍ നാലും കൊല്‍ക്കത്ത ജയിച്ചുവെന്നതാണ് ചരിത്രം. കഴിഞ്ഞ സീസണിലെ ഇരു ജയങ്ങളും കൊല്‍ക്കത്തയ്‌ക്കൊപ്പം നിന്നു.
ഐപിഎല്‍ പതിനഞ്ചാം സീസണില്‍ മോശം തുടക്കത്തിന് ശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ചാണ് സണ്‍റൈസേഴ്‌സ് വരുന്നതെങ്കില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് തിരിച്ചുവരികയാണ് കൊല്‍ക്കത്തയുടെ ലക്ഷ്യം. കൊല്‍ക്കത്ത പോയിന്‍റ് പട്ടികയില്‍ രണ്ടാമതും സണ്‍റൈസേഴ്‌സ് ഏഴാമതുമാണ്. വൈകീട്ട് ഏഴരയ്ക്ക് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം.
സാധ്യതാ ഇലവന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, അബ്ദുള്‍ സമദ്/ ശ്രേയസ് ഗോപാല്‍, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സന്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ/ ആരോണ്‍ ഫിഞ്ച്, ശ്രേയസ് അയ്യര്‍, നിതീഷ് റാണ, ആന്ദ്രേ റസല്‍, സാം ബില്ലിംഗ്‌സ്/ ഷെല്‍ഡണ്‍ ജാക്‌സണ്‍, റിങ്കു സിംഗ്/ റാസിക് സലാം, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
രഹാനെ പുറത്താകുമോ? വിജയവഴിയില്‍ തിരിച്ചെത്താന്‍ കൊല്‍ക്കത്ത; ഹാട്രിക് ജയം തേടി ഹൈദരാബാദ്