IPL 2022 : നാലാം ജയമധുരം തേടി പഞ്ചാബും സണ്‍റൈസേഴ്‌സും; ആദ്യ പോരാട്ടം കടുക്കും
ഇരു ടീമുകളും ഇതുവരെ ജയിച്ചത് മൂന്ന് വീതം മത്സരങ്ങളില്‍, പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് അഞ്ചും ഹൈദരാബാദ് ഏഴും സ്ഥാനങ്ങളിലാണ്
മുംബൈ: ഐപിഎല്ലിൽ (IPL 2022) പഞ്ചാബ് കിംഗ്‌സ് (Punjab Kings) ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ (Sunrisers Hyderabad) നേരിടും. വൈകിട്ട് മൂന്നരയ്ക്ക് മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് (DY Patil Sports Academy) മത്സരം തുടങ്ങുക. അവസാന മൂന്ന് കളിയും ജയിച്ചാണ് ഹൈദരാബാദ് (SRH) ഇറങ്ങുന്നത്. പഞ്ചാബും (PBKS) അഞ്ച് മത്സരങ്ങളിൽ മൂന്നിൽ ജയിച്ചു. പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് അഞ്ചും ഹൈദരാബാദ് ഏഴും സ്ഥാനങ്ങളിലാണ്.
ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തോടെ മുംബൈ ഇന്ത്യൻസ് തുടർച്ചയായ ആറാം തോൽവി നേരിട്ടു. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് 18 റൺസിന് മുംബൈയെ തോൽപിച്ചു. ലഖ്‌നൗവിന്‍റെ 199 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് ഒൻപത് വിക്കറ്റിന് 181 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 37 റൺസെടുത്ത സൂര്യകുമാർ യാദവാണ് ടോപ്സ്കോറർ. ക്യാപ്റ്റൻ രോഹിത് ശർമ്മ ആറും ഇഷാൻ കിഷൻ 11ഉം ഡെവാൾഡ് ബ്രെവിസ് 31ഉം തിലക് വർമ്മ 26ഉം കീറോണ്‍ പൊള്ളാർഡ് 25ഉം റൺസിന് പുറത്തായി. ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യമായാണ് മുംബൈ തുടർച്ചയായ ആറ് കളിയിൽ തോൽക്കുന്നത്.
60 പന്തിൽ പുറത്താവാതെ 103 റൺസെടുത്ത ക്യാപ്റ്റൻ കെ എൽ രാഹുലിന്‍റെ ബാറ്റിംഗ് കരുത്തിലാണ് ലഖ്‌നൗ മികച്ച സ്കോറിലെത്തിയത്. ഒൻപത് ഫോറും അഞ്ച് സിക്‌സറും അടങ്ങിയതാണ് രാഹുലിന്‍റെ സെഞ്ചുറി. ക്വിന്‍റണ്‍ ഡി കോക്ക് 24ഉം മനീഷ് പാണ്ഡെ 38ഉം ദീപക് ഹൂഡ 15ഉം റൺസിന് പുറത്തായി.
അതേസമയം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാം ജയം സ്വന്തമാക്കി. 16 റൺസിന് ഡൽഹി ക്യാപിറ്റൽസിനെ തോൽപിച്ചു. ബാംഗ്ലൂരിന്‍റെ 189 റൺസ് പിന്തുടർന്ന ഡൽഹിക്ക് 173 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജോഷ് ഹേസൽവുഡ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തിയപ്പോൾ 16 റൺസകലെ ഡൽഹിയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു. നേരത്തെ 34 പന്തില്‍ 66 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കും 34 പന്തില്‍ 55 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും 21 പന്തില്‍ 32 റണ്‍സെടുത്ത ഷഹ്‌ബാസ് അഹമ്മദുമാണ് ആര്‍സിബിക്ക് മികച്ച സ്‌കോര്‍ ഉറപ്പിച്ചത്.