IPL 2022: ബാംഗ്ലൂരിനെതിരെ ലഖ്നൗവിന് ടോസ്, മാറ്റങ്ങളില്ലാതെ ഇരു ടീമും
നായകന്‍ ഫാഫ് ഡുപ്ലസിസും അനുജ് റാവത്തുമാണ് ഇന്നത്തെ മത്സരത്തിലും ആര്‍സിബി ഓപ്പണര്‍മാര്‍. വിരാട് കോലി, ഗ്ലെന്‍ മാക‌്‌സ്‌വെല്‍, ഷഹ്‌ബാസ് അഹമ്മദ് എന്നിവര്‍ക്കൊപ്പം ദിനേശ് കാര്‍ത്തിക്കിന്‍റെ വെടിക്കെട്ട് ഫിനിഷിംഗും ആര്‍സിബിക്ക് കരുത്താകും.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് (LSG vs RCB) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. നിലവില്‍ ആറ് കളികളിൽ നാല് ജയം വീതമാണ് ഇരു ടീമുകൾക്കുമുള്ളത്. ആദ്യ മത്സരം തോറ്റ ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച ലഖ്‌നൗവും (Lucknow Super Giants) ബാംഗ്ലൂരും (Royal Challengers Bangalore) പിന്നീട് തോല്‍വി രുചിച്ചെങ്കിലും വിജയവഴിയില്‍ തിരിച്ചെത്തിയാണ് മുഖാമുഖം വരുന്നത്. ജയിക്കുന്നവര്‍ക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും അവസരമുണ്ട്.
തുല്യരുടെ പോരാട്ടം
നായകന്‍ ഫാഫ് ഡുപ്ലസിസും അനുജ് റാവത്തുമാണ് ഇന്നത്തെ മത്സരത്തിലും ആര്‍സിബി ഓപ്പണര്‍മാര്‍. വിരാട് കോലി, ഗ്ലെന്‍ മാക‌്‌സ്‌വെല്‍, ഷഹ്‌ബാസ് അഹമ്മദ് എന്നിവര്‍ക്കൊപ്പം ദിനേശ് കാര്‍ത്തിക്കിന്‍റെ വെടിക്കെട്ട് ഫിനിഷിംഗും ആര്‍സിബിക്ക് കരുത്താകും. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കാര്‍ത്തിക് 34 പന്തില്‍ 66* ഉം മാക്‌സി 34 പന്തില്‍ 55 ഉം ഷഹ്‌ബാസ് 21 പന്തില്‍ 32* ഉം റണ്‍സ് നേടിയിരുന്നു. വനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ക്കൊപ്പം മുഹമ്മദ് സിറാജും താളം നിലനിര്‍ത്തിയാല്‍ ബൗളിംഗും കരുത്തുറ്റത്. ഡല്‍ഹിക്കെതിരെ ഹേസല്‍വുഡ് മൂന്നും സിറാജ് രണ്ടും ഹസരങ്ക ഒന്നും വിക്കറ്റ് നേടിയിരുന്നു.
കെ എല്‍ രാഹുലും ക്വിന്‍റണ്‍ ഡികോക്കും നല്‍കുന്ന ഓപ്പണിംഗാണ് ലഖ്‌നൗവിന്‍റെ കരുത്ത്. രാഹുല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ 60 പന്തില്‍ 103 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഡികോക്ക് 13 പന്തില്‍ 24 റണ്‍സ് പേരിലാക്കി. മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ആയുഷ് ബദോനി എന്നിവര്‍ അവസരത്തിനൊത്തുയര്‍ന്നാല്‍ ലഖ്‌നൗവിന്‍റെ ബാറ്റിംഗ് നിര അതിശക്തം. ബൗളിംഗില്‍ ജേസന്‍ ഹോള്‍ഡര്‍, ആവേഷ് ഖാന്‍, ദുഷ്‌മന്ത ചമീര എന്നിവരിലാണ് പ്രതീക്ഷകള്‍. അവസാന മത്സരത്തില്‍ ആവേശ് മൂന്ന് വിക്കറ്റ് നേടിയിരുന്നു.