IPL 2022 : കസറി രാഹുല്‍, ഹൂഡ; ഡല്‍ഹിക്കെതിരെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് വമ്പന്‍ സ്കോർ

ഗംഭീര തുടക്കമാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് ലഭിച്ചത്. പവർപ്ലേയില്‍ 57-1 എന്ന മികച്ച സ്കോർ നേടി ടീം. 

IPL 2022 Lucknow Super Giants sets 196 runs target to Delhi Capitals on KL Rahul Deepak Hooda fifties

മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാഹുല്‍-ഹൂഡ ബാറ്റിംഗ് ഷോയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ (Delhi Capitals) ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് (Lucknow Super Giants) കൂറ്റന്‍ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറില്‍ 3 വിക്കറ്റിന് 195 റണ്‍സ് നേടി. കെ എല്‍ രാഹുല്‍ (KL Rahul) 51 പന്തില്‍ 77 ഉം ദീപക്  (Deepak Hooda)34 പന്തില്‍ 52 ഉം റണ്‍സ് നേടി. ഷാർദുല്‍ ഠാക്കൂറാണ് (Shardul Thakur) മൂന്ന് വിക്കറ്റും നേടിയത്. 

ഗംഭീര തുടക്കമാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് ലഭിച്ചത്. പവർപ്ലേയില്‍ 57-1 എന്ന മികച്ച സ്കോർ നേടി ടീം. 13 പന്തില്‍ 23 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക്കിനെ ഷാർദുല്‍ ഠാക്കൂർ മടക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ അർധ സെഞ്ചുറി കൂട്ടുകെട്ടുമായി കെ എല്‍ രാഹുലും ദീപക് ഹൂഡയും ടീമിനെ മുന്നോട്ട് നയിച്ചു. 15-ാം ഓവറില്‍ ഹൂഡയെ ഠാക്കൂർ മടക്കുമ്പോള്‍ ലഖ്‌നൗ 137 റണ്‍സിലെത്തിയിരുന്നു. ഹൂഡ-രാഹുല്‍ സഖ്യം 95 റണ്‍സ് ചേർത്തു. 

പിന്നീട് മാർക്കസ് സ്റ്റോയിനിസും സാവധാനം കളംനിറഞ്ഞതോടെ ലഖ്‌നൗ മികച്ച സ്കോറിലെത്തി. ഠാക്കൂർ എറിഞ്ഞ 19-ാം ഓവറില്‍ രാഹുലിനെ സിക്സർ ശ്രമത്തിനിടെ ബൌണ്ടറിലൈനില്‍ ലളിത് യാദവ് പിടികൂടി. രാഹുല്‍ 51 പന്തില്‍ 77 റണ്‍സെടുത്തു. മാർക്കസ് സ്റ്റോയിനിസ് 16 പന്തില്‍ 17 ഉം ക്രുനാല്‍ പാണ്ഡ്യ 6 പന്തില്‍ 9 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലഖ്‌നൗ ഒരു മാറ്റം വരുത്തി. ആവേശ് ഖാന് പകരം കൃഷ്ണപ്പ ഗൗതം ടീമിലെത്തി. ഡല്‍ഹി മാറ്റമൊന്നും വരുത്തിയിട്ടില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുള്ള ലഖ്‌നൗ നിലവില്‍ മൂന്നാം സ്ഥാനത്താണ്. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് എട്ട് മത്സരങ്ങളില്‍ നിന്ന് ഇത്രയും തന്നെ പോയിന്റാണുള്ളത്. ആറാം സ്ഥാനത്താണ് ഡല്‍ഹി.

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ചേതന്‍ സക്കറിയ/ ഖലീല്‍ അഹമ്മദ്. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്, കെ എല്‍ രാഹുല്‍, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, മാര്‍കസ് സ്റ്റോയിനിസ്, അയുഷ് ബദോനി, ജേസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, മുഹ്‌സിന്‍ ഖാന്‍, കൃഷണപ്പ ഗൗതം, രവി ബിഷ്‌ണോയ്.   

Latest Videos
Follow Us:
Download App:
  • android
  • ios