IPL 2022 : ഐപിഎല്ലില്‍ കൊവിഡ്; ഡല്‍ഹി ക്യാപിറ്റല്‍സ് ടീം കനത്ത ജാഗ്രതയില്‍
ഡല്‍ഹി ക്യാപിറ്റല്‍സിലെ താരങ്ങള്‍ക്ക് കൊവിഡ് കണ്ടെത്തിയതായി സ്ഥിരീകരണമില്ല
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ (IPL 2022) ആദ്യമായി ബയോ-ബബിളില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി ക്യാപിറ്റൽസ് (Delhi Capitals) ടീം ഫിസിയോ പാട്രിക്ക് ഫർഹാര്‍ടിനാണ് (Patrick Farhart) കൊവിഡ് കണ്ടെത്തിയത്. ഇതോടെ ഡല്‍ഹി ടീം നിരീക്ഷണത്തിലായി. പാട്രിക്ക് ഫർഹാര്‍ടിനെ ഡല്‍ഹി ക്യാപിറ്റല്‍സ് മെഡിക്കല്‍ ടീം നിരീക്ഷിച്ചുവരികയാണ് എന്ന് ഐപിഎല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഡല്‍ഹി ക്യാപിറ്റല്‍സിലെ താരങ്ങള്‍ക്ക് കൊവിഡ് കണ്ടെത്തിയതായി സ്ഥിരീകരണമില്ല. ശനിയാഴ്‌ച നടക്കേണ്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനായി തയ്യാറെടുക്കുകയാണ് ടീം അംഗങ്ങള്‍. വാംഖഡെയില്‍ വൈകിട്ട് 7.30നാണ് മത്സരം. മുംബൈയിലെ ബ്രബോണ്‍ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു ഡല്‍ഹിയുടെ അവസാന മത്സരം.
2019 ഓഗസ്റ്റ് മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമുണ്ട് പാട്രിക്ക് ഫർഹാര്‍ട്. 2015 മുതല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനൊപ്പം പ്രവര്‍ത്തിച്ച പരിചയവും അദേഹത്തിനുണ്ട്. 2019 ലോകകപ്പിന് ശേഷമാണ് ഈ പാട്രിക് ഇന്ത്യന്‍ ടീമിനോട് യാത്ര പറഞ്ഞത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിംഗ്‌സ് ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ചരിത്രവും പാട്രിക്ക് ഫർഹാര്‍ടിനുണ്ട്.
ഐപിഎല്ലില്‍ പരിക്കും
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും പരിക്കിന്‍റെ പ്രഹരമുണ്ട്. നടുവിന് പരിക്കേറ്റ സിഎസ്‌കെ പേസര്‍ ദീപക് ചാഹറിന് സീസണ്‍ നഷ്‌ടമാകുമെന്ന് ഉറപ്പായി. ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പരിക്കേറ്റ പേസര്‍ റാസിഖ് സലാമിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും. ഇതിനകം രണ്ട് മത്സരങ്ങള്‍ കളിച്ച റാസിഖിന് പകരം പേസര്‍ ഹര്‍ഷിത് റാണയുമായി കെകെആര്‍ കരാറിലെത്തിയെന്നും ബിസിസിഐ അറിയിച്ചു. 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മെഗാ താരലേലത്തിൽ സ്വന്തമാക്കിയ താരമാണ് ദീപക് ചാഹര്‍.