IPL 2022: പഞ്ചാബിനെ പഞ്ഞിക്കിട്ടു; ഡല്‍ഹി വീണ്ടും വിജയവഴിയില്‍
പൊരുതാവുന്ന സ്കോര്‍ പോലും ഇല്ലാതിരുന്ന പഞ്ചാബിന്‍റെ പ്രതീക്ഷകളെ തുടക്കത്തിലെ അടിച്ചോടിച്ചാണ് ഡല്‍ഹി വിജയത്തിലേക്ക് മാര്‍ച്ച് ചെയ്തത്. വൈഭവ് അറോറയുടെ ആദ്യ ഓവറില്‍ തന്നെ 14 റണ്‍സടിച്ച ഡല്‍ഹി പിന്നീട് തിരിഞ്ഞുനോക്കിയില്ല.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals vs Punjab Kings) വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം 10.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. പവര്‍ പ്ലേയില്‍ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 81 റണ്‍സടിച്ച ഡല്‍ഹി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്നാണ് വിജയം അനായാസമാക്കിയത്. 30 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. സ്കോര്‍ പഞ്ചാബ് 20 ഓവറില്‍ 115-ന് ഓള്‍ ഔട്ട്, ഡല്‍ഹി ക്യാപിറ്റല്‍സ് 10.3 ഓവറില്‍ 119-1.
9.3 ഓവറുകള്‍ ബാക്കി നിര്‍ത്തി നേടിയ വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ ഡല്‍ഹി ആറ് പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തു നിന്ന് ആറാം സ്ഥാനത്തേക്ക് കയറി.
അതിവേഗം അനായാസം ഡല്‍ഹി
പൊരുതാവുന്ന സ്കോര്‍ പോലും ഇല്ലാതിരുന്ന പഞ്ചാബിന്‍റെ പ്രതീക്ഷകളെ തുടക്കത്തിലെ അടിച്ചോടിച്ചാണ് ഡല്‍ഹി വിജയത്തിലേക്ക് മാര്‍ച്ച് ചെയ്തത്. വൈഭവ് അറോറയുടെ ആദ്യ ഓവറില്‍ തന്നെ 14 റണ്‍സടിച്ച ഡല്‍ഹി പിന്നീട് തിരിഞ്ഞുനോക്കിയില്ല. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഡല്‍ഹി സ്കോര്‍ ബോര്‍ഡില്‍ 81 റണ്‍സുണ്ടായിരുന്നു. നാലാം ഓവറില്‍ 50 പിന്നിട്ട ഡല്‍ഹിക്കായി ഡേവിഡ് വാര്‍ണറും-പൃഥ്വി ഷായും ചേര്‍ന്ന് സീസണിലെ നാലാമത്തെ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്കോറും ഡല്‍ഹിയുടെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്കോറും വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് അടിച്ചെടുത്തു.
പവര്‍ പ്ലേക്ക് പിന്നാലെ പൃഥ്വി ഷായെ(20 പന്തില്‍ 41) മടക്കി രാഹുല്‍ ചാഹര്‍ പഞ്ചാബിന് ആശ്വാസിക്കാന്‍ വക നല്‍കിയെങ്കിലും വെടിക്കെട്ട് തുടര്‍ന്ന വാര്‍ണര്‍ ഡല്‍ഹിയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വാര്‍ണര്‍ക്കൊപ്പം 12 റണ്‍സുമായി സര്‍ഫ്രാസ് ഖാനും വിജയത്തില്‍ കൂട്ടായി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 115 റണ്‍സിന് ഓള്‍ ഔട്ടായി. 32 റണ്‍സെടുത്ത ജിതേഷ് ശര്‍മയാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ 24 റണ്‍സെടുത്തപ്പോള്‍ മറ്റ് ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും തിളങ്ങാനായില്ല. ഡല്‍ഹിക്കുവേണ്ടി ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കം മുതല്‍ പഞ്ചറായി പഞ്ചാബ്
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബ് തുടക്കം മുതല്‍ തകര്‍ന്നു. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ പഞ്ചാബ് ഇന്നിംഗ്സിന് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്‍റെയും(15 പന്തില്‍ 24) ജിതേഷ് ശര്‍മയുടെയും(23 പന്തില്‍ 32) ഇന്നിംഗ്സുകളാണ് അല്‍പമെങ്കിലും മാന്യത നല്‍കിയത്. ഡല്‍ഹിക്കായി അക്സര്‍ പട്ടേല്‍ നാലോവറില്‍ 10 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഖലീല്‍ അഹമ്മദ് നാലോവറില്‍ 21 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.