IPL 2022: ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ ഒരു വിദേശതാരത്തിന് കൂടി കൊവിഡ്

ഇന്നലെ സീഫര്‍ട്ട് ഡല്‍ഹി താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നുവെന്നത് ആശങ്ക കൂട്ടുന്നു. ഇതോടെ ഇന്നത്തെ മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ബിസിസിഐ പ്രോട്ടോക്കോള്‍ അനുസരിച്ച് ഏതെങ്കിലും ടീമില്‍ കൊവിഡ് മൂലം 11 കളിക്കാരെ തികക്കാന്‍ കഴിയാതെ വന്നാല്‍ മാത്രമെ മത്സരം റദ്ദാക്കുകയുള്ളു.

IPL 2022: Another Delhi Capitals player tests positive for Covid-19 ahead of PBKS match

മുംബൈ: ഐപിഎല്ലില്‍(IPL 2022) ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) ഇന്ന് പഞ്ചാബ് കിംഗ്സിനെ(PBKS) നേരിടാനിരിക്കെ ഡല്‍ഹി ടീം ക്യാംപില്‍ ഒരു കളിക്കാരന് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ടിം സീഫര്‍ട്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിന് കൊവിഡ് സ്ഥിരീകരിച്ചതിന് പുറമെയാണിത്.

ഇന്നത്തെ മത്സരത്തിന് 11 കളിക്കാരെ തികക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞില്ലെങ്കില്‍ മത്സരം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് നടത്തിയ പതിവ് ആന്‍റിജന്‍ പരിശോധനയിലാണ് സീഫര്‍ട്ടിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കളിക്കാരെ മുഴുവന്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാക്കിയെങ്കിലും പരിശോധനാഫലം വന്നിട്ടില്ല.

ഇന്നലെ സീഫര്‍ട്ട് ഡല്‍ഹി താരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നുവെന്നത് ആശങ്ക കൂട്ടുന്നു. ഇതോടെ ഇന്നത്തെ മത്സരം നടക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ബിസിസിഐ പ്രോട്ടോക്കോള്‍ അനുസരിച്ച് ഏതെങ്കിലും ടീമില്‍ കൊവിഡ് മൂലം 11 കളിക്കാരെ തികക്കാന്‍ കഴിയാതെ വന്നാല്‍ മാത്രമെ മത്സരം റദ്ദാക്കുകയുള്ളു.

ഏപ്രില്‍ 15ന് ടീം ഫിസിയോ പാട്രിക് ഫര്‍ഹാത്തിന് ആണാണ് ഡല്‍ഹി ടീമില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ മിച്ചല്‍ മാര്‍ഷ് അടക്കം നാലു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മാര്‍ഷിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ഡല്‍ഹി കളിക്കാരെ മുഴുവന്‍ ക്വാറന്‍റീനില്‍ ആക്കുകയും ചെയ്തു.

കളിക്കാരെ മുഴുവന്‍ അവരവരുടെ ഹോട്ടല്‍ മുറികളിലാണ് ക്വാറന്‍റൈന്‍ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ന് പൂനെയില്‍ നടക്കേണ്ട മത്സരം ബിസിസിഐ മുംബൈയിലേക്ക് മാറ്റിയത്. പൂനെയിലേക്കുള്ള ബസ് യാത്രയില്‍ കൂടുതല്‍ കളിക്കാര്‍ക്ക് കൊവിഡ് പടരാനുള്ള സാധ്യത കണക്കിലെടുത്തായിരുന്നു ഇത്.

Latest Videos
Follow Us:
Download App:
  • android
  • ios