'വിനാശകാരിയായ ബാറ്റ്സ്‌മാന്‍'; ഐപിഎല്ലിന് മുന്‍പ് സഹതാരത്തെ പ്രശംസിച്ച് സ്‌മിത്ത്
ഇംഗ്ലീഷ് താരം ജോസ് ബട്ട്‌ലറെ അപകടകാരിയായ ബാറ്റ്സ്‌മാന്‍ എന്ന് വിശേഷിപ്പിച്ച് സ്‌മിത്ത്. രാജസ്ഥാന്‍ റോയല്‍സില്‍ സ്‌മിത്തിന്‍റെ സഹതാരമാണ് ബട്ട്‌ലര്‍.
ജയ്‌പൂര്‍: ഐപിഎല്‍ 12-ാം സീസണില്‍ തന്‍റെ സമ്മര്‍ദം കുറയ്ക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലര്‍ക്കാകുമെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം സ്റ്റീവ് സ്‌മിത്ത്. ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ തന്‍റെ ബാറ്റിംഗ് അനായാസമാക്കുമെന്ന് ഓസീസ് മുന്‍ നായകന്‍ വ്യക്തമാക്കി.
'ബട്ട്‌ലര്‍ക്കൊപ്പം കളിക്കുന്നത് മഹത്തരമാണ്. അദേഹത്തിനൊപ്പം ബാറ്റ് ചെയ്യുന്നത് കാര്യങ്ങള്‍ സുഗമമാക്കും. ബട്ട്‌ലര്‍ വിസ്‌മയകരമായ താരമാണ്, ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റസ്‌മാന്‍മാരില്‍ ഒരാളാണ്. അദേഹത്തിനൊപ്പം കളിക്കുന്നതിന്‍റെ ആകാംക്ഷയിലാണ് താന്‍ എന്നും സ്‌മിത്ത് പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് ബട്ട്‌ലര്‍ കാഴ്‌ചവെച്ചത്. നാലാം ഏകദിനത്തില്‍ 78 പന്തില്‍ 150 റണ്‍സടിച്ച് ബട്ട്‌ലര്‍ ക്രിക്കറ്റ് ലോകത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിലായിരുന്നു സ്‌മിത്തിന്‍റെ ഐപിഎല്‍ തിരിച്ചുവരവാണ് ഇക്കുറി. രാജസ്‌ഥാന്‍ റോയല്‍സില്‍ രണ്ട് സീസണുകളില്‍ സ്‌മിത്ത് കളിച്ചിട്ടുണ്ട്. ഇതില്‍ 2015ല്‍ ടീമിനെ നയിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ആകെ ഏഴ് സീസണുകളില്‍ കളിച്ചു സ്‌മിത്ത്. മാര്‍ച്ച് 26ന് സ്വന്തം തട്ടകത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആദ്യ മത്സരം.