രോഹിത് തുടക്കത്തിലെ വീണു, ബാസ്ബോള്‍ അടിയുമായി ജയ്സ്വാളും ഗില്ലും; പൂനെയില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ
തന്‍റെ രണ്ടാം ഓവറില്‍ സാന്‍റനര്‍ ഇന്ത്യക്ക് ആദ്യ അടി നല്‍കി. സാന്‍റനറുടെ പന്ത് ഫ്രണ്ട് ഫൂട്ടിലിറങ്ങി പ്രതിരോധിക്കാന്‍ ശ്രമിച്ച രോഹിത്തിനെ ഷോര്‍ട്ട് ലെഗ്ഗില്‍ വില്‍ യങ് പിടികൂടി.
പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് വിജയപ്രതീക്ഷ. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടക്കത്തിലെ മടങ്ങിയെങ്കിലും തകര്‍ത്തടിച്ച് ക്രീസില്‍ നില്‍ക്കുന്ന യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യയെ 12 ഓവറില്‍ 81 റണ്‍സിലെത്തിച്ചു. ഒമ്പത് വിക്കറ്റ് കൈയിലിരിക്കെ ജയത്തിലേക്ക് ഇന്ത്യക്കിനിയും 278 റണ്‍സ് കൂടി വേണം. ആദ്യ ഇന്നിംഗ്സില്‍ നിന്ന് വ്യത്യസ്തമായി പ്രതിരോധത്തിലേക്ക് വലിയാതെ ആക്രമിച്ചു കളിക്കാനാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ശ്രമിക്കുന്നത്.
ഞെട്ടിച്ച തുടക്കം
ടിം സൗത്തിയെറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യ ഒന്ന് ഞെട്ടിയിരുന്നു. ആദ്യ പന്തില്‍ ഗ്ലെന്‍ ഫിലിപ്സ് ഗള്ളിയില്‍ ജയ്സ്വാളിനെ കൈയിലൊതുക്കിയതാണ് ഇന്ത്യയെ ഞെട്ടിച്ചത്. എന്നാല്‍ ക്യാച്ചിനായി ന്യൂസിലന്‍ഡ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും ടിവി അമ്പയറുടെ പരിശോധനയില്‍ പന്ത് നിലത്ത് കുത്തിയെന്ന് വ്യക്തമായതോടെയാണ് ഇന്ത്യക്ക് ശ്വാസം നേരെ വീണത്. ആദ്യ പന്തിലെ ഞെട്ടലിന് അടുത്ത പന്തില്‍ സിക്സിലൂടെയാണ് ജയ്സ്വാള്‍ മറുപടി നല്‍കിയത്. അടുത്ത പന്ത് ബൗണ്ടറിയും കടത്തി ജയ്സ്വാൾ നയം വ്യക്തമാക്കി.
പൂനെ ടെസ്റ്റിൽ മൂന്നാം ദിനം കിവീസിനെ ഓള്‍ ഔട്ടാക്കി ഇന്ത്യ, വിജയലക്ഷ്യം 359 റണ്‍സ്
ക്യാപ്റ്റൻ രോഹിത് ശര്‍മയും ബൗണ്ടറിയോടെയാണ് തുടങ്ങിയത്. ആദ്യ മൂന്നോവറില്‍ തന്നെ 21 റണ്‍സ് വന്നതോടെ ന്യൂസിലന്‍ഡ് നാലാം ഓവറിലെ മിച്ചല്‍ സാന്‍റ്നറെ പന്തെറിയാന്‍ വിളിച്ചു. ആദ്യ ഓവറില്‍ തന്നെ ജയ്സ്വാള്‍ എല്‍ബഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ തന്‍റെ രണ്ടാം ഓവറില്‍ സാന്‍റനര്‍ ഇന്ത്യക്ക് ആദ്യ അടി നല്‍കി. സാന്‍റനറുടെ പന്ത് ഫ്രണ്ട് ഫൂട്ടിലിറങ്ങി പ്രതിരോധിക്കാന്‍ ശ്രമിച്ച രോഹിത്തിനെ(8) ഷോര്‍ട്ട് ലെഗ്ഗില്‍ വില്‍ യങ് പിടികൂടി. എന്നാല്‍ മൂന്നാം നമ്പറിലിറങ്ങിയ ഗില്ലും ജയ്സ്വാളിനൊപ്പം തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. ഓവറില്‍ ആറ് റണ്‍സിലേറെ സ്കോര്‍ ചെയ്ത ഇരുവരും 12 ഓവറിലാണ് ഇന്ത്യയെ 81 റണ്‍സിലെത്തിച്ചത്. ജയ്സ്വാള്‍ മൂന്ന് സിക്സും മൂന്ന് ബൗണ്ടറിയും പറത്തിയപ്പോള്‍ ഗില്‍ നാലു ബൗണ്ടറി നേടി.
Now that's what you call intent!! 🤞🏻🤞🏻#YashasviJaiswal #INDvNZ #IDFCFirstBankTestTrophy #TeamIndia #JioCinemaSports pic.twitter.com/jD7twtss6e
— JioCinema (@JioCinema) October 26, 2024
നേരത്തെ 198-5 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡ് 255 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കിവീസിനെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ പുറത്താക്കിയത്. അശ്വിന്‍ ഒരു വിക്കറ്റെടുത്തപ്പോള്‍ അവസാന ബാറ്ററായ വില്യം ഒറൂക്കെ റണ്ണൗട്ടായി. 48 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്സ് പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക