കിവീസിന്‍റെ കൂറ്റൻ ലീഡിന് ബാസ്ബോള്‍ മറുപടിയുമായി ഇന്ത്യ; കോലിക്കും രോഹിത്തിനും സര്‍ഫറാസിനും ഫിഫ്റ്റി
ന്യൂസിലന്‍ഡിന്‍റെ 356 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിനിയും 125 റണ്‍സ് കൂടി വേണം.
ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ 356 റണ്‍സിന്‍റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ തിരിച്ചടിക്കുന്നു. 356 റണ്‍സ് കടം മറികടക്കാനായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. 70 റണ്‍സോടെ സര്‍ഫറാസ് ഖാൻ ക്രീസില്‍. 70 റണ്‍സെടുത്ത വിരാട് കോലിയുടെ വിക്കറ്റ് മൂന്നാം ദിവസത്തെ കളിയുടെ അവസാന പന്തില്‍ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. എങ്കിലും അർധ സെഞ്ചുറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സെന്ന നാഴികക്കല്ലും കോലി ഇന്ന് പിന്നിട്ടു.
കോലിക്ക് പുറമെ 52 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും 35 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഗ്ലെന്‍ ഫിലിപ്സാണ് മൂന്നാം ദിനത്തിലെ അവസാന പന്തില്‍ കോലിയെ വീഴ്ത്തിയത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാന്‍ ഇന്ത്യക്കിനിയും 125 റണ്‍സ് കൂടി വേണം. സ്കോര്‍ ഇന്ത്യ 46, 231-3, ന്യൂസിലന്‍ഡ് 402.
കൂറ്റന്‍ ലീഡിന് മുന്നില്‍ പതറാതെ തുടങ്ങിയ രോഹിത്തും യശസ്വി ജയ്സ്വാളും ഓപ്പണിംഗ് വിക്കറ്റില്‍ 17 ഓവറില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. 52 പന്തില്‍ 35 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ അമിതാവേശത്തില്‍ അജാസ് പട്ടേലിനെ സിക്സിന് തൂക്കാനായി ക്രീസില്‍ നിന്ന് ചാടിയിറങ്ങി സ്റ്റംപ് ഔട്ടാവുകയായിരുന്നു. എന്നാല്‍ യശസ്വി പുറത്തായശേഷവും ആക്രമിച്ചു കളിച്ച രോഹിത് മാറ്റ് ഹെന്‍റിയെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറിനും സിക്സിനും ഫോറിനും പറത്തിഅര്‍ധസെഞ്ചുറി തികച്ചു. 59 പന്തിലാണ് രോഹിത് അര്‍ധസെഞ്ചുറിയിലെത്തിയത്. എന്നാല്‍ അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ അടുത്ത ഓവറില്‍ രോഹിത് അജാസ് പട്ടേലിന്‍റെ പന്തില്‍ ബൗൾഡായി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.
LAST BALL OF THE DAY 3 🥲 pic.twitter.com/VZ6sreQr9Q
— Johns. (@CricCrazyJohns) October 18, 2024
മൂന്നാം വിക്കറ്റില്‍ ആക്രമിച്ചു കളിച്ച വിരാട് കോലി-സര്‍ഫറാസ് ഖാന്‍ സഖ്യമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. 136 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ഇന്ത്യയെ അപകടമുനമ്പില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയിരിക്കെയാണ് കോലി അവസാന പന്തില്‍ വീണത്. 102 പന്തില്‍ 70 റണ്‍സെടുത്ത കോലി എട്ട് ഫോറും ഒരു സിക്സും പറത്തി. 44 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സര്‍ഫറാസ് ഏഴ് ഫോറും മൂന്ന് സിക്സും പറത്തി. റിഷഭ് പന്തിന് നാളെ ബാറ്റ് ചെയ്യാനായില്ലെങ്കില്‍ ഇന്ത്യക്ക് ടെസ്റ്റില്‍ പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടാവും. നേരത്തെ 180-3 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങി കിവീസ് രചിന്‍ രവീന്ദ്രയുടെ സെഞ്ചുറിയുടെയും(134) ടിം സൗത്തിയുടെ അര്‍ധസെഞ്ചുറിയുടെയും(65) കരുത്തിലാണ് കൂറ്റന്‍ ലീഡ് ഉറപ്പിച്ചത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
LAST BALL OF THE DAY 3 🥲 pic.twitter.com/VZ6sreQr9Q
— Johns. (@CricCrazyJohns) October 18, 2024
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക