ഗില്‍ തിരിച്ചെത്തുമ്പോൾ 3 മാറ്റങ്ങള്‍ ഉറപ്പ്; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം
ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ പരമ്പരയില്‍ 0-1ന് പിന്നിലാണ്. രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം.
പൂനെ: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ പൂനെയില്‍ തുടങ്ങും. ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ പരമ്പരയില്‍ 0-1ന് പിന്നിലാണ്. രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായതിന്‍റെ നാണക്കേട് മായ്ച്ച് രണ്ടാം ഇന്നിംഗ്സില്‍ ശക്തമായി തിരിച്ചുവന്നെങ്കിലും കിവീസ് ജയം തടയാന്‍ ഇന്ത്യക്കായിരുന്നില്ല. അതുകൊണ്ട് തന്നെ നാളെ തുടങ്ങുന്ന ടെസ്റ്റില്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്.
പരിക്കുമൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമ്പോള്‍ ബാറ്റിംഗ് നിരയില്‍ ആര്‍ക്കാകും സ്ഥാനം നഷ്ടമാകുകയെന്നാണ് ആകാംക്ഷ. ഓപ്പണര്‍മാരായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളും തുടരുമ്പോള്‍ മൂന്നാ നമ്പറിലേക്ക് ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തും. നാലാമനായി വിരാട് കോലിയും കളിക്കും. റിഷഭ് പന്തിന് പരിക്കില്ലെന്നും നാളെ കളിക്കുമെന്നും ഇന്ത്യൻ ടീം സഹ പരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ വ്യക്തമാക്കിയതിനാല്‍ അഞ്ചാം നമ്പറില്‍ പന്ത് റിഷഭ് പന്ത് തന്നെ ഇറങ്ങും.
ആറാം നമ്പറില്‍ കെ എല്‍ രാഹുലിന് വീണ്ടും അവസരം നല്‍കാനിടയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ സര്‍ഫറാസ് ഖാന്‍ തന്നെയായിരിക്കും ആറാം നമ്പറിലിറങ്ങുക. രാഹുലിന് അവസരം നല്‍കുകയാണെങ്കില്‍ അത് ടെസ്റ്റ് ടീമീല്‍ സ്ഥാനം നിലനിര്‍ത്താനുള്ള രാഹുലിന്‍റെ അവസാന അവസരമായിരിക്കും അത്. ഏഴാമനായി രവീന്ദ്ര ജഡേജ തന്നെ കളിക്കും. ആദ്യ ടെസ്റ്റില്‍ നിരാശപ്പെടുത്തിയെങ്കിലും അശ്വിന്‍ തന്നെയാകും പ്രധാന സ്പിന്നര്‍. മൂന്നാം സ്പിന്നറായി കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ കളിക്കാനാണ് സാധ്യത. ബാറ്റിംഗ് ഫോമും അശ്വിന്‍റെ ബാക്ക് അപ്പായും സുന്ദറിന് അവസരം നല്‍കുമെന്നാണ് കരുതുന്നത്. ജസ്പ്രീത് ബുമ്ര പേസറായി ടീമില്‍ തുടരുമ്പോള്‍ മുഹമ്മദ് സിറാജിന് പകരം ആകാശ് ദീപ് രണ്ടാം ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ കളിക്കാനാണ് സാധ്യത.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്. സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദര്‍, അശ്വിന്‍, ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക