പൂനെയില്‍ പൂച്ചകളായി ഇന്ത്യ! കുത്തിയ കുഴിയില്‍ സ്വയം വീണു; കിവീസിനെതിരെ പൂനെ ടെസ്റ്റില്‍ ബാറ്റിംഗ് തകര്‍ച്ച
ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. സാന്റ്‌നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍.
പൂനെ: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. പൂനെയില്‍ ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 259നെതിരെ ഇന്ത്യ രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 107 എന്ന നിലയിലാണ്. രവീന്ദ്ര ജഡേജ (11), വാഷിംഗ്ടണ്‍ സുന്ദര്‍ (2) എന്നിവരാണ് ക്രീസില്‍. മിച്ചല്‍ സാന്റ്‌നര്‍ നാലും ഗ്ലെന്‍ ഫിലിപ്‌സ് രണ്ടും വിക്കറ്റ് വീഴ്ത്തി. ഇപ്പോഴും 152 റണ്‍സ് പിറികലാണ് ഇന്ത്യ. രോഹിത് ശര്‍മയ്ക്ക് (0) പുറമെ വിരാട് കോലിയും (1) ഇന്ന് നിരാശപ്പെടുത്തി. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 259ന് അവസാനിച്ചിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴ് വിക്കറ്റ് വീഴ്ത്തി.
ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. സാന്റ്‌നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍. തുടര്‍ന്ന് ക്രീസിലെത്തിയത് കോലി. ഒമ്പത്് പന്തുകള്‍ മാത്രം നേരിട്ട കോലിയെ സാന്റ്‌നര്‍ ബൗള്‍ഡാക്കുകയായിരുന്നു. വലിയ പ്രതീക്ഷയോടെ ക്രീസിലെത്തിയ കോലി, അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായത്. അതും താഴ്ന്നിറങ്ങിയ ഒരു ഫുള്‍ടോസ് പന്തില്‍. ആത്മവിശ്വാസത്തോടെ തുടങ്ങിയ യശസ്വി ജയ്‌സ്വാളിനും (30) അധികനേരം മുന്നോട്ട് പോവാന്‍ സാധിച്ചില്ല. ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കുകയാിരുന്നു താരം.
പരമ്പരയില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന റിഷഭ് പന്ത് (18) ആവട്ടെ, ഫിലിപ്‌സിന്റെ പന്തില്‍ ബൗള്‍ഡായി. സര്‍ഫറാസ് ഖാന്‍ (11) സാന്റ്‌നറുടെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് മടങ്ങുന്നത്. ആര്‍ അശ്വിന് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. സാന്റ്‌നറുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഇന്നലെ രോഹിത് ശര്‍മയെ (0) ഇന്നലെ ടിം സൗത്തി ബൗള്‍ഡാക്കിയിരുന്നു.
നേരത്തെ, മൂന്നിന് 197 എന്ന ശക്തമായ നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് 259 റണ്‍സിന് ഓള്‍ ഔട്ടായത്. 76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്ര 65 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദറിന് പുറമെ ആര്‍ അശ്വിന്‍ മൂന്ന് വീഴ്ത്തി.