ഇന്ത്യന്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ പാക് ക്രിക്കറ്റ് അവിടെ തീരും: റമീസ് രാജ
പാകിസ്ഥാന്‍ സെനറ്റ് സമിതിക്ക് മുന്നില്‍ ഹാജറായപ്പോഴാണ് റമീസ് രാജ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
കറാച്ചി: ഇന്ത്യ വിചാരിച്ചാല്‍ പാക് ക്രിക്കറ്റിന്റെ കഥ കഴിയും എന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി റമീസ് രാജ. പാകിസ്ഥാന്‍ സെനറ്റ് സമിതിക്ക് മുന്നില്‍ ഹാജറായപ്പോഴാണ് റമീസ് രാജ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. രാജ്യന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍റെ ഫണ്ടുകളില്‍ 90 ശതമാനം ഇന്ത്യയില്‍ നിന്നാണ് വരുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ പാക് താരവും കമന്‍റേറ്ററുമായ റമീസ് ഈ കാര്യം സൂചിപ്പിക്കുന്നത്.
പിസിബിയുടെ 50 ശതമാനത്തിലേറെ ചിലവ് നടക്കുന്നത് ഐസിസിയുടെ സാമ്പത്തിക സഹായമാണ്. എന്നാല്‍ ഐസിസിയുടെ വരുമാനത്തില്‍ 90 ശതമാനം വരുന്നത് ഇന്ത്യയില്‍ നിന്നാണ്. ഇത് വളരെ ഞെട്ടിപ്പിക്കുന്ന വസ്തുത തന്നെയാണ്. ഐസിസി ഒരു ഈവന്‍റ് മാനേജ് കമ്പനി പോലെയാണ് അത് നിയന്ത്രിക്കുന്നത് ഇന്ത്യയിലെ ബിസിനസുകാരാണ്. അത് വഴി പാകിസ്ഥാന് സഹായം ലഭിക്കുന്നു. നാളെ ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്ഥാന് സഹായം നല്‍കുന്നത് നിര്‍ത്തണം എന്ന് പറഞ്ഞാല്‍ നമ്മുടെ ക്രിക്കറ്റ് തീരുമെന്നും റമീസ് രാജ പറയുന്നു.
ഐസിസിയെ ആശ്രയിക്കാതെ തനതായ വരുമാനം കണ്ടെത്താന്‍ പാകിസ്ഥാന് സാധിക്കണമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ പറയുന്നു. മുടങ്ങിപ്പോയ പാക് ന്യൂസിലാന്‍റ് പരമ്പര വീണ്ടും നടത്താന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാകിസ്ഥാനില്‍ കളി നടന്നാല്‍ മാത്രമേ ഇവിടെ ക്രിക്കറ്റ് വളരൂ. പരമ്പര എന്തിന് റദ്ദാക്കിയെന്ന് കൃത്യമായ വിശദീകരണം ന്യൂസിലാന്‍റ് ഇതുവരെ നല്‍കിയിട്ടില്ലെന്ന് റമീസ് രാജ പറയുന്നു.